തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന ആരോപണവുമായി രംഗത്തെത്തിയത്. കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.
മൂന്ന് ദിവസം മുമ്പ് കണ്ണൂരില്‍ നിന്നും വിജയ് പിള്ള വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റില്‍ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്താണ് വിളിച്ചതെന്നും സ്വപ്‌ന വെളിപ്പെടുത്തി. ബംഗളൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്ന് ആവശ്യപ്പെട്ടു. എം.വി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം.വി ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നല്‍കും. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാന്‍ പാടില്ല. മരണം ഉറപ്പാണെന്ന് അതില്‍ നിന്ന് തനിക്ക് ഉറപ്പായതായി സ്വപ്‌ന പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തുകാരി എന്നാണ് താന്‍ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതില്‍ പെടുകയായിരുന്നു എന്നും സ്വപ്ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങള്‍ക്കും വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍ അടച്ചു. ജയിലില്‍ വെച്ചുതന്നെ തുറന്നു പറയാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ കള്ളത്തരം തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയതെന്നും സ്വപ്‌ന പറഞ്ഞു.
ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുടെ രൂപത്തിലും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകന്‍ കൃഷ്ണരാജിന് നല്‍കിയെന്നും സ്വപ്‌ന വ്യക്തമാക്കി. കര്‍ണാടക ഡിജിപിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടര്‍ക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഒടുക്കം കാണാതെ ഇതു നിര്‍ത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായി പറയുന്നു. ജീവനുണ്ടെങ്കില്‍ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിടും.
വിജയ് പിള്ളയ്ക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ല. അവസാന ശ്വാസംവരെ പൊരുതും. തന്നെ കൊല്ലണമെങ്കില്‍ എം.വി ഗോവിന്ദന് നേരിട്ട് വന്ന് ചെയ്യാം. തന്നെ കൊന്നാലും തന്റെ കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും. തനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവില്‍ നിന്ന് പോകാന്‍ സാധിക്കില്ല. ഫെയ്സ്ബുക്കില്‍ വരുന്നു എന്ന് മലയാളത്തില്‍ എഴുതിയത് മകളാണ്. തനിക്ക് മലയാളം എഴുതാന്‍ അറിയില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.