ഉക്രെയ്‌നില്‍ റഷ്യയുടെ മിസൈല്‍ മഴ: ഒമ്പത് മരണം

ഉക്രെയ്‌നില്‍ റഷ്യയുടെ  മിസൈല്‍ മഴ: ഒമ്പത് മരണം

കീവ്: ഉക്രെയ്‌നില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ലിവീല്‍ അഞ്ച് പേരും ഖേഴ്‌സണില്‍ മൂന്ന് പേരും ഒരാള്‍ നിപ്രോയിലുമാണ് കൊല്ലപ്പെട്ടു. കഴിഞ്ഞാഴ്ച ഉക്രെയ്ന്‍ തങ്ങളുടെ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണങ്ങളുടെ പ്രതികാരമായാണ് മിസൈലാക്രമണമെന്ന് റഷ്യ പ്രതികരിച്ചു.

എന്നാല്‍ റഷ്യയുടെ ആരോപണം ഉക്രെയ്ന്‍ നിഷേധിച്ചു. ഡൊണെസ്‌കിലെ ബഖ്മുത് നഗരത്തില്‍ റഷ്യയുടെ കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് മിസൈല്‍ പ്രഹരം. ഹൈപ്പര്‍സോണിക് മിസൈലായ കിന്‍ഷല്‍ ആറെണ്ണം അടക്കം 81 മിസൈലുകള്‍ ഇന്നലെ പുലര്‍ച്ചെ കരിങ്കടല്‍ തീരത്തെ ഒഡേസ മുതല്‍ മധ്യ ഉക്രെയ്‌നിലെ പോള്‍ട്ടാവ വരെ പത്ത് മേഖലകളില്‍ പതിച്ചു. ഇതില്‍ 34 എണ്ണം ഉക്രെയ്ന്‍ സൈന്യം വെടിവച്ചു വീഴ്ത്തി.

ആഴ്ചകള്‍ക്ക് ശേഷമാണ് റഷ്യ ഉക്രെയ്‌നില്‍ ഇത്രത്തോളം വ്യാപകമായ മിസൈലാക്രമണം നടത്തുന്നത്. അതിനിടെ സെപൊറീഷ്യ ആണവ നിലയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ആശങ്ക സൃഷ്ടിച്ചു.

പ്ലാന്റ് ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്ഥിതിഗതികള്‍ വഷളാകുന്നത് ദുരന്തത്തിനിടയാക്കുമെന്നും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി അറിയിച്ചു. എന്നാല്‍ പ്ലാന്റിലേക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിക്കപ്പെട്ടതായി ഉക്രെയ്ന്‍ രാത്രി വ്യക്തമാക്കി.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സെപൊറീഷ്യ. നിലവില്‍ സെപൊറീഷ്യ ആണവ നിലയം റഷ്യയുടെ നിയന്ത്രണത്തിലാണ്. ആണവ നിലയത്തില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് റഷ്യയുടെ ഊര്‍ജ കേന്ദ്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന റോസെനര്‍ ഗോട്ടം പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.