ലണ്ടന്‍: ബ്രിട്ടണിൽ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ സമീപം ഭ്രൂണഹത്യയ്ക്ക് എതിരെ പ്രചാരണം നടത്തുന്നതും, പ്രാര്‍ത്ഥിക്കുന്നതും നിയമ വിരുദ്ധമാക്കി ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സ്.
ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ചുറ്റുമുള്ള പ്രദേശം അറിയപ്പെടുക ബഫര്‍ സോണ്‍ എന്നായിരിക്കും. 150 മീറ്ററാണ് പുതിയ ബഫര്‍ സോണിന്റെ പരിധിയില്‍ വരുന്നത്. ഇത് ലംഘിച്ചാല്‍ പോലീസ് ഈടാക്കുന്ന പിഴ നല്‍കേണ്ടി വരും.
ഈ മേഖലയിൽ പ്രാര്‍ത്ഥനയോ ഗർഭഛിദ്രത്തിന് എത്തുന്നവരുടെ മനപരിവർത്തനത്തിന് ഉതകുന്ന പ്രചാരണങ്ങളോ പാടില്ലെന്നാണു നിയമം.
കഴിഞ്ഞ ദിവസമാണ് പബ്ലിക് ഓര്‍ഡര്‍ ബിൽ ഭേദഗതി ചെയ്ത് പുതിയൊരു നിരോധനം കൂട്ടിച്ചേര്‍ത്ത് പാസാക്കിയത്. കുരുന്നു ജീവനുകൾക്ക് യാതൊരു മൂല്യവും കൽപ്പിക്കാതെയുള്ള ഭേദഗതിക്കെതിരേ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപത്ത് പ്രാര്‍ത്ഥനയും സംഭാഷണങ്ങളും അനുവദിക്കാനുള്ള ഇളവ് നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
ബഫര്‍ സോണ്‍ ബില്ലിനെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള അതിക്രമമെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. സമാധാനപരമായി പ്രാര്‍ത്ഥിച്ചുവെന്നതിന്റെ പേരിലോ, അനുവാദത്തോടെ സംഭാഷണം നടത്തിയെന്നതിന്റെ പേരിലോ സര്‍ക്കാര്‍ ആരെയും ശിക്ഷിക്കാന്‍ പാടില്ലായെന്ന തത്വം പാലിക്കപ്പെടേണ്ടതുണ്ടെന്ന് 'അലയന്‍സ് ഡിഫന്‍ഡിങ് ഫ്രീഡം' എന്ന സംഘടനയിൽ പ്രവര്‍ത്തിക്കുന്ന ജറമിയ ഇഗുന്നുബോലെ പറഞ്ഞു.
സാധാരണ പൗരന്മാര്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുമെന്നും സമാധാനപരമായി ഇടപെടല്‍ നടത്തുന്നവര്‍ക്കും ആവശ്യമുള്ള സ്ത്രീകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കുന്നതാണ് ബഫര്‍ സോണ്‍ നിയമമമെന്ന് പ്രോലൈഫ് കൂട്ടായ്മയായ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്റെ പബ്ലിക് പോളിസി മാനേജര്‍ അലിത്തിയ വില്യംസ് മുന്നറിയിപ്പ് നല്‍കി.
ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ഒരു ഭ്രൂണഹത്യാ ക്ലിനിക്കിന് സമീപം നിന്ന് പ്രാര്‍ത്ഥിച്ചുവെന്ന് ആരോപിച്ച് ഇസബല്‍ വോഗന്‍ സ്പ്രൂസ് എന്ന പ്രോലൈഫ് പ്രവര്‍ത്തകയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.