ഉക്രെയ്ന്‍ യുദ്ധം ആളിക്കത്തിക്കുന്നത് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍; പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ഇപ്പോഴും തയാര്‍; സ്വിസ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ മാര്‍പ്പാപ്പ

ഉക്രെയ്ന്‍ യുദ്ധം ആളിക്കത്തിക്കുന്നത് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍; പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ഇപ്പോഴും തയാര്‍; സ്വിസ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭ എന്നത് ചിലര്‍ക്കു വേണ്ടി മാത്രമുള്ള ഭവനമല്ലെന്നും അത് സകലരുടെയും ഭവനമാണെന്നും ഫ്രാന്‍സിസ് പാപ്പാ. ഇറ്റാലിയന്‍ സ്വിസ് റേഡിയോ ആന്‍ഡ് ടെലിവിഷനു വേണ്ടി പാവൊളോ റൊഡാരിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. മാര്‍പാപ്പയായി സ്ഥാനമേറ്റ് പത്തു വര്‍ഷം തികയുന്ന വേളയിലാണ് പരിശുദ്ധ പിതാവിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ കാസ സാന്താ മാര്‍ട്ട വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

ഉക്രെയ്ന്‍ യുദ്ധം, മറ്റ് രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, മുന്‍ഗാമിയായ ബനഡിക്ട് പാപ്പയുമായുള്ള ബന്ധം, മരണാന്തര ജീവിതം തുടങ്ങി പല വിഷയങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു.

സ്ഥാനത്യാഗത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും എന്നാല്‍ കാര്യങ്ങളെ കൃത്യമായി കാണാനോ വിലയിരുത്താനോ കഴിയാതെ വരുന്ന സാഹചര്യത്തില്‍ അതിലേക്കു നീങ്ങിയേക്കാമെന്നും മാര്‍പ്പാപ്പ സൂചിപ്പിച്ചു.

നൂറു വര്‍ഷത്തിനകം മൂന്ന് ലോകമഹായുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നാം ഒരു ലോകയുദ്ധത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ചെറുതായിട്ടാണ് ആരംഭിച്ചതെങ്കിലും, ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ബാധിച്ചു കഴിഞ്ഞു. എല്ലാ ആഗോള ശക്തികളും അതില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. യുദ്ധക്കളം ഉക്രെയ്ന്‍ ആണെങ്കിലും അവിടെ എല്ലാവരും യുദ്ധം ചെയ്യുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

സമാധാനത്തിനായി റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നു മാര്‍പ്പാപ്പ വെളിപ്പെടുത്തി. സാമ്രാജ്യത്വ താല്‍പര്യങ്ങളാണ് ഉക്രെയ്ന്‍ യുദ്ധം ആളിക്കത്തിക്കുന്നതെന്നും അതില്‍ റഷ്യന്‍ സാമ്രാജ്യവും മറ്റു സാമ്രാജ്യങ്ങളും ഉള്‍പ്പെട്ടിരിക്കുന്നതായും പാപ്പ പറഞ്ഞു.

ഒരു വിദഗ്ദ്ധന്‍ തന്നോട് പറഞ്ഞത്, ഒരു വര്‍ഷത്തേക്ക് ആയുധങ്ങളൊന്നും നിര്‍മ്മിച്ചില്ലെങ്കില്‍, ലോകത്തെ വിശപ്പിന്റെ പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍ അതൊരു വിപണിയാണ്. യുദ്ധങ്ങള്‍ നടക്കുമ്പോള്‍ പഴയ ആയുധങ്ങള്‍ വില്‍ക്കുന്നു, പുതിയവ പരീക്ഷിക്കുന്നു - പാപ്പ തുടര്‍ന്നു.

പരിശുദ്ധ പിതാവ് ഈ പത്തു വര്‍ഷത്തിനുള്ളില്‍ എത്രമാത്രം മാറിയെന്നായിരുന്നു ഒരു ചോദ്യം. അതിനുള്ള പാപ്പായുടെ മറുപടി ഇങ്ങനെയായിരുന്നു. 'തനിക്ക് വയസായി, ശാരീരിക ക്ഷമത കുറഞ്ഞിരിക്കുന്നു. കാല്‍മുട്ടിനേറ്റ പരിക്ക് ശാരീരിക അവശതയായി മാറിയെങ്കിലും ഇപ്പോള്‍ സുഖം പ്രാപിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പോപ്പ് എന്നാണ് പലരും അങ്ങയെ വിശേഷിപ്പിക്കുന്നത്. അങ്ങേയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത്്?

ഉപേക്ഷിക്കപ്പെട്ടവരോട് എനിക്ക് മുന്‍ഗണന ഉണ്ടെന്നത് നേരാണ്, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ മറ്റുള്ളവരെ തള്ളിക്കളയുന്നു എന്നല്ല. ദരിദ്രര്‍ യേശുവിന്റെ പ്രിയപ്പെട്ടവരാണ്. എന്നാല്‍ യേശു ധനികരെ മാറ്റി നിര്‍ത്തുന്നില്ല.

എല്ലാവരെയും തന്റെ മേശയിലേക്ക് കൊണ്ടുവരാന്‍ യേശു ആവശ്യപ്പെടുന്നു. എന്താണിതിനര്‍ത്ഥം?

അതിഥികള്‍ വിരുന്നിനായി വരാതിരുന്നപ്പോള്‍ വഴിയില്‍ കണ്ട സകലരെയും, അതായത് നല്ലവരും മോശക്കാരും, എളിയവരും വലിയവരും, സമ്പന്നരും ദരിദ്രരും, രോഗികളും ഒരുമിച്ച് വിരുന്നിനിരുത്തുന്ന ഉപമ വിവരിച്ചുകൊണ്ട്, സഭ ചിലരുടെ മാത്രം ഭവനമല്ല എന്നും എല്ലാവരും ദൈവത്തിന്റെ വിശുദ്ധ ജനമാണ് എന്നത് നാം മറക്കരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പാപം എല്ലായ്‌പ്പോഴുമുണ്ട്. ചിലര്‍ക്ക് കൂടുതല്‍ നീതിമാന്മാരാണെന്നൊരു തെറ്റിദ്ധാരണ വരാം. എന്നാല്‍ ആ തോന്നല്‍ ശരിയല്ല. നാം എല്ലാവരും പാപികളാണ്. അതിനാല്‍ സ്വന്തം ജീവിതാവസ്ഥ കാരണം ചിലര്‍ക്ക് സഭയില്‍ നിന്ന് തങ്ങള്‍ ഒഴിവാക്കപ്പെട്ടവരാണെന്ന ധാരണ വേണ്ടെന്ന് പാപ്പാ വെളിപ്പെടുത്തി.

മരണാനന്തര ജീവിതത്തെ അങ്ങ് എങ്ങനെയാണ് സങ്കല്‍പ്പിക്കുന്നത്?

എനിക്കത് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അത് എന്തായിരിക്കുമെന്നും എനിക്കറിയില്ല. മാതാവിനോട് എന്നോടൊപ്പം ഉണ്ടായിരിക്കാന്‍ മാത്രമേ ഞാന്‍ ആവശ്യപ്പെടുകയുള്ളൂ.

ലോക്ഡൗണ്‍ കാലത്ത് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഏകാന്ത പ്രാര്‍ത്ഥനയെക്കുറിച്ച് അങ്ങ് എങ്ങനെയാണ് ഓര്‍ക്കുന്നത്?

മഴ പെയ്തതിനാല്‍ ആളുകളില്ലായിരുന്നു. എന്നാല്‍ ദൈവം അവിടെയുണ്ടായിരുന്നു. ദുരന്തം, ഏകാന്തത, ഇരുട്ട്, മഹാമാരി എന്നിവ നാം തിരിച്ചറിയാനുള്ള സമയമായിരുന്നു അത്.

ഉക്രെയ്‌നിലെ സംഘര്‍ഷത്തിന് മുമ്പ്, പലതവണ അങ്ങ് പുടിനെ കണ്ടു. ഇനി കണ്ടുമുട്ടിയാല്‍, അദ്ദേഹത്തോട് എന്ത് പറയും?

ഞാന്‍ പരസ്യമായി ലോകത്തോടു സംസാരിക്കുന്നത്ര വ്യക്തമായി അദ്ദേഹത്തോട് സംസാരിക്കും. അദ്ദേഹം വിദ്യാസമ്പന്നനാണ്. യുദ്ധത്തിന്റെ രണ്ടാം ദിവസം ഞാന്‍ റോമിലെ റഷ്യന്‍ എംബസിയില്‍ പോയി. പുടിന്‍ എനിക്ക് ചര്‍ച്ചയ്ക്കായി ഒരു അവസരം തന്നാല്‍ മോസ്‌കോയിലേക്ക് പോകാന്‍ ഞാന്‍ തയാറായതാണ്. എന്നാല്‍ നന്ദി പറഞ്ഞുകൊണ്ട് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എനിക്ക് കത്തെഴുതി, ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നായിരുന്നു കത്തില്‍.

മറ്റ് ഏത് യുദ്ധങ്ങളാണ് അങ്ങേയ്ക്ക്‌  ഏറ്റവും വേദനയുള്ളതായി തോന്നുന്നത്?

യെമന്‍, സിറിയ, മ്യാന്‍മര്‍...  എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍, പാവപ്പെട്ട റോഹിംഗ്യന്‍ വംശജര്‍. എന്തിനാണ് ഈ കഷ്ടപ്പാട്? യുദ്ധങ്ങള്‍ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ദൈവത്തിന്റെ ആത്മാവില്ല. വിശുദ്ധ യുദ്ധങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

അങ്ങ് പലപ്പോഴും ഗോസിപ്പുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്തുകൊണ്ട്?

ഗോസിപ്പുകള്‍ സഹവര്‍ത്തിത്വത്തെയും കുടുംബത്തെയും നശിപ്പിക്കുന്നു. അത് ഒരു മറഞ്ഞിരിക്കുന്ന രോഗമാണ്. അത് പ്ലേഗ് പോലെയാണ്.

ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ജീവിതം?

പരിശുദ്ധ പിതാവ് എനിക്ക് ഏറെ ഇഷ്ടമുള്ള ദൈവപുരുഷനായിരുന്നു. ക്രിസ്മസിനാണ് ഞാന്‍ പിതാവിനെ അവസാനമായി കണ്ടത്. പിതാവിന് അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. വളരെ താഴ്ന്ന ശബ്ദത്തില്‍ കാര്യങ്ങള്‍ എങ്ങനെ പോകുന്നു എന്നു ചോദിച്ചു. എല്ലാ കാര്യങ്ങളിലും പിതാവ് അപ് ടു ഡേറ്റ് ആയിരുന്നു. ഞാന്‍ പാപ്പയോട് അഭിപ്രായം ചോദിക്കും. പിതാവ് എന്താണ് ചിന്തിക്കുന്നതെന്ന് എന്നോട് പറയും.

ബനഡിക്ട് മാര്‍പ്പാപ്പയുടെ സംസ്‌കാര ശുശ്രൂഷ വളരെ മിതമായിരുന്നു. എന്തുകൊണ്ട്?

അധികാരമൊഴിഞ്ഞ ഒരു മാര്‍പാപ്പയുടെ മൃതസംസ്‌കാരം സംഘടിപ്പിക്കുന്നത് വെല്ലുവിളിയായിരുന്നു. ഒരു മാറ്റമുണ്ടാക്കാന്‍ പ്രയാസമായിരുന്നു. എല്ലാ മാര്‍പാപ്പമാരുടെയും മൃതസംസ്‌കാര ചടങ്ങുകള്‍ പഠിക്കാന്‍ ഞാന്‍ അപ്പസ്തോലിക് സെറിമണീസ് മാസ്‌റ്റേഴ്‌സിനോട് പറഞ്ഞിട്ടുണ്ട്. അവര്‍ കാര്യങ്ങള്‍ അല്‍പ്പം ലളിതമാക്കുകയും ആരാധനാക്രമത്തില്‍ ശരിയല്ലാത്ത കാര്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.

അങ്ങ് ആളുകളെ അഭിവാദ്യം ചെയ്യുമ്പോള്‍, തനിക്കായി പ്രാര്‍ത്ഥിക്കാന്‍ അവരോട് ആവശ്യപ്പെടുന്നു. എന്തുകൊണ്ട്?

എല്ലാവരും പ്രാര്‍ത്ഥിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവിശ്വാസികളോടും ഞാന്‍ പറയും, എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍, ഇനി നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ എനിക്ക് നല്ല പ്രതികരണങ്ങള്‍ അയയ്ക്കൂ. നിരീശ്വരവാദിയായ ഒരു സുഹൃത്ത് എനിക്ക് എഴുതുന്നു: ... ഞാന്‍ നിങ്ങള്‍ക്ക് നല്ല പ്രതികരണങ്ങള്‍ അയയ്ക്കുന്നു. ഇത് ഒരു പുറജാതീയ പ്രാര്‍ത്ഥനയാണ്, പക്ഷേ അത് സ്‌നേഹപൂര്‍വമായ ഒരു മാര്‍ഗമാണ്. ഒരാളെ സ്‌നേഹിക്കുക എന്നത് ഒരു പ്രാര്‍ത്ഥനയാണ് - മാര്‍പ്പാപ്പ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.