ബീജിങ്: കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം അടച്ചിട്ട അതിര്‍ത്തികള്‍ മൂന്ന് വര്‍ഷത്തിനു ശേഷം വിദേശ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത് ചൈന. ഇന്നു മുതല്‍ വിദേശ സഞ്ചാരികള്‍ക്കുള്ള വിസാ നടപടികള്‍ പുനരാരംഭിക്കും. കോവിഡിന് മുന്‍പ് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലാതിരുന്ന പ്രദേശങ്ങളില്‍ ഈ രീതി തന്നെ തുടരുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ് വന്ന സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്കിനെ സഹായിക്കാന്‍ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. വിദേശ യാത്ര നടത്താന്‍ തങ്ങളുടെ പൗരന്മാര്‍ക്കുള്ള നിയന്ത്രണം അടുത്തിടെ ചൈന പിന്‍വലിച്ചിരുന്നു.
അതിര്‍ത്തികള്‍ തുറന്നെങ്കിലും കുറച്ച് കാലത്തേക്ക് വലിയതോതിലുള്ള സന്ദര്‍ശക പ്രവാഹമോ സമ്പദ് വ്യവസ്ഥയിലെ ഗണ്യമായ മുന്നേറ്റമോ പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ക്കുള്ള വിസ വിതരണം പുനരാരംഭിക്കുന്നത് ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കുമിടയിലുള്ള ഗതാഗതം സാധാരണ ഗതിയിലാക്കുക എന്ന ഉദ്ദേശത്തോടെയാണ്.
2020 മാര്‍ച്ച് 28ന് മുന്‍പ് അനുവദിച്ച വിസ കൈവശമുള്ള എല്ലാ വിദേശികള്‍ക്കും നിര്‍ദ്ദിഷ്ട തീയതിക്കുള്ളില്‍ ചൈനയിലേക്കു പ്രവേശിക്കാന്‍ കഴിയുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഷാങ്ഹായ് തുറമുഖത്തിലൂടെ കടന്നുപോകുന്ന ക്രൂയിസ് കപ്പലുകള്‍ക്ക് തെക്കന്‍ ടൂറിസ്റ്റ് ദ്വീപായ ഹൈനാനില്‍ വിസ രഹിത പ്രവേശനവും പുനരാരംഭിക്കും. റഷ്യന്‍ സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഹൈനാന്‍ ദ്വീപ്. ഇതോടൊപ്പം ഹോങ്കോങ്ങില്‍ നിന്നും മക്കാവില്‍ നിന്നുമുള്ള വിദേശികള്‍ക്ക് ഗ്വാങ്‌ടോങ്ങിലേക്കുള്ള വിസ രഹിത പ്രവേശനവും പുനരാരംഭിക്കും.
ഈ മാസം അവസാനം ബീജിങ്ങില്‍ നടക്കാനിരിക്കുന്ന ചൈന ഡെവലപ്‌മെന്റ് ഫോറം, ഏപ്രിലില്‍ നടക്കുന്ന ഷാങ്ഹായ് ഓട്ടോഷോ തുടങ്ങിയ പരിപാടികളിലും വിദേശികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം മാറ്റിവെച്ച ഏഷ്യന്‍ ഗെയിംസും സെപ്റ്റംബറില്‍ ചൈനയില്‍ നടക്കാനിരിക്കുകയാണ്.
ചൈനയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും വിദേശ നയങ്ങളും കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളും പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിനെതിനെതിരെയുള്ള വികാരം വളര്‍ത്തിയെടുത്തതായി വിലയിരുത്തലുണ്ട്.
കോവിഡിനു ശേഷം ചൈനയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ ഇടിവ് കാണുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ വിദേശ സഞ്ചാരികളെ പിന്നോട്ടു വലിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായി ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ അന്താരാഷ്ട്ര ടൂറിസം വരുമാനം ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.9% മാത്രമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.