കരിങ്കടലിന് മുകളില്‍ റഷ്യന്‍ പോര്‍വിമാനവും അമേരിക്കന്‍ ഡ്രോണും കൂട്ടിയിടിച്ചു; ഡ്രോണ്‍ കടലില്‍ പതിച്ചു; വാക്‌പോര്‌

കരിങ്കടലിന് മുകളില്‍ റഷ്യന്‍ പോര്‍വിമാനവും അമേരിക്കന്‍ ഡ്രോണും  കൂട്ടിയിടിച്ചു; ഡ്രോണ്‍ കടലില്‍ പതിച്ചു; വാക്‌പോര്‌

ബ്രസല്‍സ്: റഷ്യന്‍ പോര്‍വിമാനവുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ ഡ്രോണ്‍ തകര്‍ന്നു. ഡ്രോണ്‍ കരിങ്കടലില്‍ പതിച്ചതായും അമേരിക്കന്‍ സൈന്യം അറിയിച്ചു. ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്നതിലേക്കു വഴിവെക്കുന്നതാണ് ഈ സംഭവം.

റഷ്യയുടെ സുഖോയ് യുദ്ധവിമാനമാണ് കരിങ്കടലിനു മുകളില്‍ വച്ച് തങ്ങളുടെ ഡ്രോണുമായി കൂട്ടിയിടിച്ചതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കിലിനിടെയാണ് എം.ക്യു-9 ഡ്രോണില്‍ സുഖോയ്-27 യുദ്ധവിമാനം കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഡ്രോണ്‍ പൂര്‍ണമായി തകര്‍ന്നതായി യു.എസ് എയര്‍ഫോഴ്‌സ് ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. എം.ക്യു ഡ്രോണുകള്‍ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകല്‍പന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്. റഷ്യ പ്രഫഷണലല്ലാതെ, അപകടകരമായ രീതിയിലാണ് വിമാനം പറത്തിയതെന്ന് അമേരിക്ക ആരോപിച്ചു.

റഷ്യന്‍ യുദ്ധവിമാനം അമേരിക്കന്‍ ഡ്രോണില്‍ ഇന്ധനം ഒഴിച്ചതിനെ തുടര്‍ന്ന് കൂട്ടിയിടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ സൈന്യം ആരോപിച്ചു. അതേസമയം റഷ്യ ഈ ആരോപണത്തെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി.

കൂട്ടിയിടിക്കുന്നതിന് മുമ്പ് എസ്യു-27 വിമാനം നിരവധി തവണ ഡ്രോണിന് മുകളിലൂടെ ഇന്ധനം ഒഴിച്ചവെന്നാണ് യുഎസിന്റെ ആരോപണം. അശ്രദ്ധമായും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുമാണ് യുദ്ധ വിമാനങ്ങള്‍ പറന്നതെന്നും ആരോപണമുണ്ട്. കരിങ്കടലിന് മുകളില്‍ റഷ്യ സ്ഥിരമായി തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ട്രാന്‍സ്പോണ്ടറുകള്‍ ഓഫ് ചെയ്താണ് എംക്യു-9 റീപര്‍ ഡ്രോണ്‍ പറന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഡ്രോണിനെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ആശയവിനിമയ ഉപകരണമാണ് ട്രാന്‍സ്പോണ്ടറുകള്‍. ചിറകിന് 20 മീറ്റര്‍ വിസ്താരമുള്ള ഡ്രോണുകള്‍ നിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.

അമേരിക്കന്‍ ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് കരിങ്കടല്‍. റഷ്യയും ഉക്രെയ്‌നും കരിങ്കടലുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.