ന്യൂഡല്‍ഹി: ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ബഫര്‍സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജയില്‍ സുപ്രീം കോടതിയില്‍ വാദം വ്യാഴാഴ്ചയും തുടരും. കേരളത്തിന്റെ വാദം കോടതി വ്യാഴാഴ്ച കേള്‍ക്കും.
ഇന്ന് അമിക്കസ് ക്യൂറിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം. സമ്പൂര്‍ണവിലക്ക് ഏര്‍പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.
അതേസമയം അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സമ്പൂര്‍ണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന സൂചനയാണ് ഇന്ന് കോടതിയില്‍ ഉണ്ടായത്. മറ്റ് കക്ഷികളുടെയും വാദം കൂടി കേട്ട ശേഷമായിരിക്കും അന്തിമതീരുമാനം ഉണ്ടാകുക.
23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്തുള്ള 17 വന്യജീവി സങ്കേതങ്ങളുടേയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടേയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി എന്നീ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടായിരിക്കുന്നതെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.