എച്ച് 3 എന്‍ 2 വൈറസ്; മഹാരാഷ്ട്രയില്‍ രണ്ട് മരണം കൂടി

എച്ച് 3 എന്‍ 2 വൈറസ്; മഹാരാഷ്ട്രയില്‍ രണ്ട് മരണം കൂടി

മുംബൈ: എച്ച് 3 എന്‍ 2 വൈറസ് ബാധയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം മഹാരാഷ്ട്ര നിയമ സഭയില്‍ അറിയിച്ചത്. നേരത്തെ സംസ്ഥാനത്ത് രണ്ട് പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

എഴുപത്തിനാലും ഇരുപത്തിമൂന്നും വയസുള്ള പുരുഷന്മാരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധയുമുണ്ടായിരുന്നു. അതേസമയം എച്ച് 3 എന്‍ 2 ബാധിച്ച് മരണം സംഭവിക്കുകയില്ലെന്നും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് അസുഖങ്ങളോ കൂടി വന്ന് ആരോഗ്യനില അവതാളത്തിലാകുന്നതാണ് മരണത്തിലേക്ക് രോഗിയെ നയിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തനാജി സാവന്ത് പറഞ്ഞു.

നിലവില്‍ സംഭവിച്ച രണ്ട് മരണങ്ങളുടെയും സൂഷ്മകാരണത്തിനായി കാത്തിരിക്കുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കാര്യമായ രീതിയിലാണ് എച്ച് 3 എന്‍ 2 കേസുകള്‍ വര്‍ധിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടരുന്നത്.

കേരളത്തില്‍ എച്ച് 1 എന്‍ 1 കേസുകളിലാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍.

തുടര്‍ച്ചയായ ചുമ, പനി, കുളിര്, ശ്വാസതടം എന്നിവയാണ് എച്ച് 3 എന്‍ 2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.