അമിത സമ്മർദ്ദം: മൂന്ന് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 436 സായുധ സേനാംഗങ്ങൾ; ആത്മഹത്യ തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര വകുപ്പ്

അമിത സമ്മർദ്ദം: മൂന്ന് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 436 സായുധ സേനാംഗങ്ങൾ; ആത്മഹത്യ തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര വകുപ്പ്

ന്യുഡൽഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 436 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്തതായി കേന്ദ്രം. കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു.

2022 ൽ 135 പേരും 2021 ൽ 157 പേരും 2020 ൽ 144 പേരുമാണ് ആത്മഹത്യ ചെയ്തത്. ലോകത്താകെ കഴിഞ്ഞ വർഷം 800 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ സൈന്യത്തിൽ നിന്നാണ്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 819 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ ആർമിയിൽ 642 പേരും എയർഫോഴ്‌സിൽ 148 പേരും നേവിയിൽ 29 പെരുമാണ് ആത്മഹത്യ ചെയ്തത്.

സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എൻ.എസ്.ജി, ആസാം റൈഫിൾസ് എന്നീ വിഭാഗങ്ങളിലെ ആത്മഹത്യ തടയുന്നതിനും ആവശ്യമായ മെഡിക്കൽ നിർദേശങ്ങൾ നൽകുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംഘം റിപ്പോർട്ട് തയാറാക്കി വരികയാണെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.

പ്രതിരോധസേന വിപുലമായ മാനസികാരോഗ്യ പരിപാടികൾ നടത്തുന്നുണ്ട്. വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രശ്നങ്ങളുള്ള സായുധ സേനാംഗങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും വിവിധ സംവിധാനങ്ങൾ നിലവിലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സമ്മർദത്തിന് സാധ്യതയുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി കൗൺസിലിംഗ് നടത്തുന്നുണ്ട്. അവധി കഴിഞ്ഞ് യൂണിറ്റുകളിലേക്ക് മടങ്ങുന്ന എല്ലാ ഉദ്യോഗസ്ഥരെയും റെജിമെന്റൽ മെഡിക്കൽ ഓഫീസർമാർ അഭിമുഖം നടത്തുകയും കൗൺസിലിംഗ് ചെയ്യുകയും വൈദ്യപരിശോധന നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.