ഇറാഖി ആത്മീയ നേതാവിന് മാർപ്പാപ്പയുടെ സൗഹൃദ സന്ദേശം; വിശ്വാസികളിൽ സാഹോദര്യം ഊട്ടിയുറപ്പിക്കേണ്ടത് ആത്മീയ നേതാക്കളുടെ ഉത്തരവാദിത്തം

ഇറാഖി ആത്മീയ നേതാവിന് മാർപ്പാപ്പയുടെ സൗഹൃദ സന്ദേശം; വിശ്വാസികളിൽ സാഹോദര്യം ഊട്ടിയുറപ്പിക്കേണ്ടത് ആത്മീയ നേതാക്കളുടെ ഉത്തരവാദിത്തം

വത്തിക്കാന്‍ സിറ്റി: മതവിശ്വാസികള്‍ക്കിടയില്‍ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ആത്മീയ നേതാക്കളുടെ ഉത്തരവാദിത്തം ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ, ഇറാഖി ഷിയകളുടെ ആത്മീയ നേതാവ് ആയത്തുള്ള അലി അല്‍-സിസ്താനിക്ക് കത്തയച്ചു. ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും സാഹോദര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിന്തുണയ്‌ക്കേണ്ടത് എല്ലാ മതനേതാക്കളുടെയും ബാധ്യതയാണെന്നും മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.

ആയത്തുള്ള അലി അല്‍ സിസ്താനിയെ 'പ്രിയ സഹോദരന്‍' എന്ന് അഭിസംബോധന ചെയ്താണ് പാപ്പയുടെ സൗഹൃദ സന്ദേശം ആരംഭിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇറാഖില്‍ നടത്തിയ ത്രിദിന സന്ദര്‍ശനത്തിനിടെ ഷിയ നേതാവുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.

കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള പ്രതികരണമായി വിശ്വാസികള്‍ക്കിടയില്‍ പരസ്പര സ്വീകാര്യതയും സാഹോദര്യവും പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്യുന്നു.

ഇറാഖിലെ നജാഫില്‍ ആയത്തുള്ള സിസ്താനിയുടെ ഭവനത്തില്‍ നടന്ന കൂടിക്കാഴ്ച മതാന്തര സംവാദത്തിന്റെ പാതയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. 'കത്തോലിക്കരും ഷിയകളും ഭാവിയെ അഭിമുഖീകരിക്കുന്നു' എന്ന തലക്കെട്ടില്‍ നജാഫില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനിടെയായിരുന്നു ഈ ചരിത്ര മുഹൂര്‍ത്തം.

ഇറാഖ് സന്ദര്‍ശനത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മതാന്തരസംവാദ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മിക്കേല്‍ ആന്‍ഹെല്‍ അയുസൊ വഴിയാണ് പാപ്പാ, ആയത്തുള്ള അലി അല്‍ സിസ്താനിക്ക് സന്ദേശം കൈമാറിയത്.

ആയത്തുള്ള സിസ്താനിയുടെ ജീവിത വിശുദ്ധിയും ഇറാഖില്‍ പീഡനം അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സഹാനഭൂതിയും പ്രതിബദ്ധതയും എടുത്തു പറഞ്ഞ മാര്‍പ്പാപ്പ ഇറാഖി ജനതയ്ക്കിടയില്‍ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് ആയത്തുള്ളയെ അഭിനന്ദിക്കുകയും ചെയ്തു.
ഇറാക്കിലെ സമീപകാല ചരിത്രം ചൂണ്ടിക്കാണിക്കുന്നത് മതാന്തരസംഭാഷണങ്ങള്‍ മാനുഷിക നന്മയ്ക്ക് ഒഴിച്ചുകൂടാനാവാത്ത അനിവാര്യഘടകമാണെന്നും മതനേതാക്കള്‍ എന്ന നിലയില്‍ വിശ്വാസികള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. സമാധാനവും ശാന്തിയും ഐക്യവും മുന്‍നിര്‍ത്തിയായിരിക്കണം മതനേതാക്കള്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കേണ്ടത്.

സംഘര്‍ഷങ്ങളാല്‍ കലുഷിതമായ ഈ ലോകത്തില്‍ ക്രൈസ്തവും മുസ്ലിം സഹോദരങ്ങളും ചേര്‍ന്നു നിന്ന് സ്‌നേഹം പങ്കിടണമെന്നും അനുകമ്പാര്‍ദ്രവും ശുശ്രൂഷാപരവുമായ ജീവിതം നയിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കത്ത് ഉപസംഹരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.