കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന: ജാഗ്രത പാലിക്കണം; കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന: ജാഗ്രത പാലിക്കണം; കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അണുബാധയുടെ പെട്ടെന്നുള്ള വ്യാപനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പരിശോധന, ചികിത്സ, ട്രാക്കിംഗ്, വാക്സിനേഷന്‍ എന്നിവ കാര്യക്ഷമമാക്കണമെന്നാണ് നിര്‍ദേശം.

'മഹാമാരി വ്യാപനത്തിന്റെ സൂചന നല്‍കി ചുരുക്കം ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട സമീപനം പിന്തുടരേണ്ടതുണ്ട്' - കത്തില്‍ വ്യക്തമാക്കുന്നു.

നാല് മാസത്തെ ഇടവേളക്ക് ശേഷം വ്യാഴാഴ്ച രാജ്യത്ത് 700 ന് മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ രാജ്യത്ത് 4,623 സജീവ കേസുകളാണുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12നാണ് ഇതിന് മുമ്പ് 700 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സൂക്ഷമമായി കോവിഡ് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.