ദീപികയുടെ 136-ാം വാര്‍ഷികാഘോഷം ഡല്‍ഹിയില്‍; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു

ദീപികയുടെ 136-ാം വാര്‍ഷികാഘോഷം ഡല്‍ഹിയില്‍;  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: മലയാളത്തിലെ പത്ര മുത്തശിയായ ദീപികയുടെ 136-ാം വാര്‍ഷികാഘോഷം ഡല്‍ഹിയില്‍ നടന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു.

ദീപിക എന്ന വാക്കിന് പ്രകാശം പരത്തുന്നത്, ദീപം എന്നൊക്കെ അര്‍ഥങ്ങളുണ്ട്. എന്നാല്‍ താന്‍ ഉള്‍ക്കൊള്ളുന്ന അര്‍ഥം വഴികാട്ടി എന്നാണെന്നും വാര്‍ത്തകളുടെ ലോകത്ത് ദീപിക നടത്തിയ സുദീര്‍ഘമായ യാത്ര പ്രശംസനീയമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ദീപികയുടെ ചരിത്രം മനസിലാക്കിയതില്‍ നിന്ന് മലയാളത്തിലെ ആദ്യ വര്‍ത്തമാന പത്രം എന്ന നിലയില്‍ സമൂഹത്തോടും ജനങ്ങളോടും എക്കാലത്തും പുലര്‍ത്തി വന്ന പ്രതിബദ്ധത അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.

ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ദീപിക ബിസിനസ് എക്സലന്‍സ് അവാര്‍ഡുകളുടെ വിതരണവും ഗഡ്കരി നിര്‍വഹിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജയ്സണ്‍ അറയ്ക്കല്‍ ജോയ്, ഗ്ലോബല്‍ അക്കാഡമി മാനേജിംഗ് ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍, ഗേറ്റ് വേ ഹെയര്‍ ഫിക്സിംഗ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജി. സേവ്യര്‍, ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിസ്റ്റിറ്റിയൂഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഷാഫി എന്നിവര്‍രാണ് ബിസിനസ് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹരായത്.

ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, സിപിഐ നേതാവ് ബിനോയ് വിശ്വം എംപി, മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് എംപി, ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ പ്രസംഗിച്ചു.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ ദീപികയുടെ ചരിത്രം വിശദീകരിച്ചു. ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍ സ്വാഗതവും മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ കെ.സി തോമസ് നന്ദിയും പറഞ്ഞു.

എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍, തോമസ് ചാഴികാടന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ്, എ.എം. ആരിഫ്, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍, ജോണ്‍ ബ്രിട്ടാസ്, മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയ്ന്‍, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി രൂപത ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ, സിബിസിഐ പ്രതിനിധികള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.