ഉക്രെയ്ന്‍ കുട്ടികളെ നിയമ വിരുദ്ധമായി നാടുകടത്തി: പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ഉക്രെയ്ന്‍ കുട്ടികളെ നിയമ വിരുദ്ധമായി നാടുകടത്തി: പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ഹേഗ്: ഉക്രെയ്ന്‍ കുട്ടികളെ നിയമ വിരുദ്ധമായി നാടുകടത്തിയതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.

ഉക്രെയ്ന്‍ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതല്‍ യുദ്ധക്കുറ്റങ്ങള്‍ നടക്കുന്നുണ്ട്. കുട്ടികളെ കടത്തിയത് പുടിന്റെ അറിവോടെയാണ്. ഇത് തടയാന്‍ വ്‌ളാഡിമിര്‍ പുടിന്‍ ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു.

കുട്ടികളെ നിയമ വിരുദ്ധമായി നാടുകടത്തിയതിനും അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തതിനും പുടിന്‍ ഉത്തരവാദിയാണെന്ന് വാറണ്ടില്‍ പറയുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ എല്‍വോവ ബെലോവയ്ക്കെതിരെയും സമാനമായ കുറ്റങ്ങള്‍ ചുമത്തി വാറണ്ട് പുറപ്പെടുവിച്ചതായി ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അന്താരാഷ്ട്ര കോടതിയുടെ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു.

ഐസിസിയുടെ നടപടിയെ ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ സ്വാഗതം ചെയ്തു. നീതിയുടെ ചക്രങ്ങള്‍ തിരിഞ്ഞു തുടങ്ങിയെന്നാണ് ദിമിത്രോ ഐസിസിയുടെ നടപടിയെ പ്രകീര്‍ത്തിച്ചത്.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ നീതി നടപ്പാക്കുന്നതിനുള്ള ആദ്യ പടിയാണിതെന്ന് ഉക്രെയ്‌ന്റെ പ്രസിഡന്‍ഷ്യല്‍ ചീഫ് ഓഫ് സ്റ്റാഫ് ആന്ദ്രീ യെര്‍മാര്‍ക് പ്രതികരിച്ചു. ഇതൊരു തുടക്കമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഉക്രെയ്‌ന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ആന്‍ഡ്രി കോസ്റ്റിനും വാറണ്ടിനെ അഭിനന്ദിച്ചു. ചരിത്രപരമായ തീരുമാനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അതേസമയം റഷ്യ അന്താരാഷ്ട്ര ക്രിമനല്‍ കോടതിയുടെ പരിധിയില്‍ വരുന്ന രാജ്യമല്ല. അതുകൊണ്ട് തന്നെ പുടിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുളള അധികാരം ഐസിസിക്ക് ഉണ്ടോ എന്നുളള ചോദ്യവും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.