'ഒരു പാര്‍ട്ടിയോടും അകല്‍ച്ചയില്ല; റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ പക്ഷത്ത് നില്‍ക്കുമെന്നാണ് പറഞ്ഞത്': മാര്‍ ജോസഫ് പാംപ്ലാനി

'ഒരു പാര്‍ട്ടിയോടും അകല്‍ച്ചയില്ല; റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ പക്ഷത്ത് നില്‍ക്കുമെന്നാണ് പറഞ്ഞത്': മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയിലെ പ്രസംഗത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ബിജെപിയെ താന്‍ അനുകൂലിച്ചിട്ടില്ല. ബിജെപിയെ സഹായിക്കുമെന്നും പറഞ്ഞിട്ടില്ല. റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നില്‍ക്കുമെന്നാണ് പറഞ്ഞത്. റബറിന് കിലോയ്ക്ക് 300 രൂപയാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. മലയോര കര്‍ഷകരുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ബിഷപ്പ് ജോസഫ് പ്ലാംപാനി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രം സഹായിച്ചാലും സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കും. ഒരു പാര്‍ട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട് അകല്‍ച്ചയില്ല. മലയോരകര്‍ഷക സമിതി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ നിലപാട് പ്രഖ്യാപിച്ചത്.

അവരുടെ കൂടി നിലപാട് തേടിയ ശേഷമായിരുന്നു പ്രഖ്യാപനം. അല്ലാതെ മലയോര കര്‍ഷകരെ ബലം പ്രയോഗിച്ചോ ഏതെങ്കിലും സമ്മര്‍ദ്ദങ്ങളിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഏതെങ്കിലും ഒരു മുന്നണിയുടെ തൊഴുത്തില്‍ കൊണ്ടു വന്നു കെട്ടാന്‍ ഉദ്ദേശിച്ചിട്ടില്ല. മലയോര കര്‍ഷകരുടെ വികാരമാണ് താന്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ നയം രൂപീകരിക്കാന്‍ സാധ്യതയുള്ളത് ബിജെപിക്കാണ്.

അതുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ റബറിന്റെ ഇറക്കുമതി സംബന്ധിച്ച് തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപ ആക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്ന് പറഞ്ഞത്. മലയോര കര്‍ഷകര്‍ അത്രയേറെ ഗതികേടിന്റെ വക്കിലാണ് നില്‍ക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

അവരുടെ വീടുകളില്‍ ജപ്തി നോട്ടീസ് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. മുമ്പോട്ടു നോക്കുമ്പോള്‍ പൂര്‍ണമായ അന്ധകാരമാണ് കര്‍ഷകര്‍ക്കു മുന്നില്‍. ഈയൊരു പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് മുന്നോട്ടു പോകണമെങ്കില്‍, കര്‍ഷകരുടെ വരുമാന മാര്‍ഗമായ റബറിനെ ആരാണോ പിന്തുണയ്ക്കുന്നത്, അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ടല്ല.

മറിച്ച് കര്‍ഷകരുടെ അവസ്ഥ അത്രയ്ക്കും ദയനീയമാണെന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.