ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അതിക്രമിച്ചു കടന്ന് ദേശീയ പതാകയെ അപമാനിച്ചതിന് പിന്നാലെ ന്യൂഡല്‍ഹിയിലുള്ള ബ്രിട്ടന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ.
വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ലണ്ടനില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ അതിരു കടന്ന പ്രതിഷേധം.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് മതിയായ സുരക്ഷ ഒരുക്കാത്തതില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. അക്രമികള്‍ക്ക് കെട്ടിടത്തില്‍ കടന്നു കയറാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം സുരക്ഷ ഒരുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം യു.കെ സര്‍ക്കാരിനാണുള്ളത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ നടപടി ഒരുകാരണവശാലും സ്വീകാര്യമല്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഖലിസ്ഥാന്‍ അനുകൂലികളുടെ നടപടിയെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അപലപിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം തുടങ്ങിയത്. അക്രമികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് കെട്ടിടത്തില്‍ കടന്നു കയറി ദേശീയപതാക താഴ്ത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.