ന്യൂഡല്‍ഹി: ഭരണ, പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടാനൊരുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പൊലീസ് നടപടി, പ്രധാനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടിസ് എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ വിദേശത്ത് ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തില്‍ രാഹുലിനെ കടന്നാക്രമിക്കാനായിരിക്കും ഭരണ പക്ഷത്തിന്റെ ശ്രമം.
അദാനി ഓഹരി വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. അദാനി വിഷയത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബി.ആര്‍.എസ് നേതാവ് കെ. കവിതയ്‌ക്കെതിരായ ഇ.ഡി കേസ്, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ കേസ് അടക്കം പ്രതിപക്ഷ പ്രതിഷേധത്തില്‍ ഉയരുമെന്നുറപ്പാണ്.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍ എം.പി നല്‍കിയ അവകാശലംഘന നോട്ടിസില്‍ പ്രതിപക്ഷം തുടര്‍നടപടി ആവശ്യപ്പെടും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കാള്‍ രാവിലെ യോഗം ചേരുന്നുണ്ട്.
രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി നീക്കം. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകളുടെ വിവരങ്ങള്‍ രാഹുല്‍ പൊലീസിന് കൈമാറിയില്ലെന്ന ആരോപണം ബിജെപി ഉന്നയിക്കും. കേംബ്രിഡ്ജിലെ പ്രസംഗത്തിന്റെ പേരില്‍ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കാനുള്ള നടപടികളുമായി ബിജെപി മുന്നോട്ടു പോകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.