സോള്‍: ലോകത്തെ വീണ്ടും ഭീതിയുടെ മുള്‍മുനയിലാക്കി ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ആണവായുധ പരീക്ഷണം. സൈനിക പരിശീലനത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലില്‍ ഡമ്മി ആണവായുധം ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ഡമ്മി ആയുധം ഘടിപ്പിച്ച മിസൈല്‍ 800 കിലോമീറ്റര്‍ അകലെ 800 മീറ്റര്‍ ഉയരത്തിലുളള ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിച്ചു എന്നാണ് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ അത്യന്തം പ്രഹരശേഷിയുള്ള മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ ആണവായുധങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് വടക്കന്‍ കൊറിയയുടെ അവകാശ വാദം.
യുദ്ധം തടയാന്‍ എപ്പോള്‍ വേണമെങ്കിലും ആണവ പ്രത്യാക്രമണം നടത്താന്‍ രാജ്യം തയ്യാറായിരിക്കണം എന്ന കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പരീക്ഷണം നടന്നത് എന്നതാണ് ലോകത്തെ ഭീതിയിലാക്കുന്നത്. ചെറിയൊരു പ്രകോപനമുണ്ടായാല്‍ പോലും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ കിം മടിച്ചേക്കില്ല എന്ന സൂചനയും യുദ്ധ നയതന്ത്രജ്ഞര്‍ നല്‍കുന്നുണ്ട്.
അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് നടത്തിയ പത്ത് ദിവസത്തെ സംയുക്ത സൈനിക അഭ്യാസമാണ് കിമ്മിനെ പ്രകോപിപ്പിച്ചത്. ഏതുനിമിഷവും രാജ്യത്തിന് നേരെ അമേരിക്കയുടെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന കിം സ്വന്തം സൈന്യത്തിന്റെ യുദ്ധശേഷി മെച്ചപ്പെടുത്തുന്നതിന് രണ്ടുദിവസം നീണ്ട സൈനിക പരിശീലനത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പരിശീലനത്തിനിടെയാണ് ആണവായുധ പരീക്ഷണം നടത്തിയത്.
പരീക്ഷണം കാണാന്‍ മകള്‍ കിം ജു എയ്ക്കൊപ്പമാണ് കിം ജോങ് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വടക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഒമ്പതുകാരിയായ കിം ജു മിസൈല്‍ വിക്ഷേപണങ്ങള്‍ കാണാനെത്തുന്ന ചിത്രങ്ങള്‍ നേരത്തെയും പുറത്തു വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.