ന്യൂഡല്‍ഹി: ബ്രഹ്മപുരത്ത് സംഭവിച്ചത് മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. ബ്രഹ്മപുരം തീപിടിത്തത്തിനു പിന്നിലെ അട്ടിമറിയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ബ്രഹ്മപുരം വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് ബിജെപി നീക്കം.
ബ്രഹ്മപുരം പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. എല്ലാ വര്‍ഷവും അവിടെ ചെറിയ തീപിത്തമുണ്ടാകും. ഖരമാലിന്യ സംസ്‌കരണത്തില്‍ കേരളം മാനദണ്ഡങ്ങള്‍ ലംഘിച്ചു. സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിക്കുന്ന സംഭവമാണ് നടന്നത്. മാലിന്യ സംസ്‌കരണ കരാറില്‍ വന്‍ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്.
ബ്രഹ്മപുരത്ത് ത്രിപുര മാതൃകയില്‍ അഴിമതിക്കായി യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും ജാവദേക്കര്‍ ആരോപിച്ചു. രണ്ടു കമ്പനികളും മൂന്ന് മരുമക്കളും ചേര്‍ന്നുള്ള വന്‍ അഴിമതിയാണ് നടന്നത്. ബയോമൈനിങ് കരാര്‍ മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകനാണ് നല്‍കിയതെന്നും അദേഹം പറഞ്ഞു.
ഉപകരാര്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍. വേണുഗോപാലിന്റെ മരുമകനാണ്. പിന്നെ മുഖ്യമന്ത്രിയുടെ മരുമകനും. വൈക്കം വിശ്വന്റെ മരുമകന്റെ സോണ്ട കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. സോണ്ട കമ്പനി 54 കോടിക്ക് കരാര്‍ എടുത്ത് 22 കോടിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.
32 കോടി രൂപയാണ് ഉപകരാറിലൂടെ സോണ്ട കമ്പനി അടിച്ചു മാറ്റിയത്. ഇതാണ് അഴിമതിയുടെ കേരള മോഡലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മൂന്ന് മരുമക്കളും രണ്ട് കമ്പനികളും ചേര്‍ന്ന് നടത്തിയ അഴിമതി സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ശുഭ സൂചനയാണെന്നും ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v