കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ അതിജീവിതക്ക് മേല്‍ സമ്മര്‍ദം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തിലാണ് അതിജീവിതയ്ക്ക് മേല്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദ്ദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു.
സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഭര്‍ത്താവ് ആരോപിച്ചു. ഭര്‍ത്താവിന്റെ ഈ ആരോപണങ്ങള്‍ ശരിവയ്ക്കുകയാണ് ആശുപത്രി സൂപ്രണ്ടും.
ഇരയോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും സമ്മര്‍ദ്ദം ചെലുത്തി മൊഴി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാര്‍ഡില്‍ പ്രവേശിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കലുറില്‍ പറയുന്നു.
ഇരയായ സ്ത്രീയെ സമീപിച്ച ജീവനക്കാരുടെ പേരും തസ്തികയും അടക്കമുള്ള വിവരങ്ങള്‍ സര്‍ക്കുലറിലുണ്ട്. മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോകുന്ന കേസില്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അതീവഗുരുതരമായ വിഷയമാണെന്നും ഇതിന്റെ പേരില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങളും ജീവനക്കാര്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ആശുപത്രി സൂപ്രണ്ടിന്റെ സര്‍ക്കുലറിലുണ്ട്.
പരാതി പിന്‍വലിക്കാന്‍ ഇരയെ മാനസികമായി വിഷമിപ്പിച്ചെന്നും പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും വകുപ്പ് മേധാവിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ സൂപ്രണ്ട് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.