ന്യൂഡല്‍ഹി: അയോഗ്യനാക്കിയാലും മര്‍ദിച്ചാലും ജയിലിട്ടാലും സത്യം പറയുന്നതില്‍ നിന്ന് ആര്‍ക്കും എന്നെ തടയാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തന്നെ കൊന്നാലും ജയിലില്‍ ഇട്ടാലും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാലും തന്റെ കര്‍ത്തവ്യത്തില്‍ നിന്ന് പിന്മാറില്ല. ഞാന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും സത്യം വിളിച്ച് പറയും. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടും. പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. പല തവണ കത്തെഴുതി നേരിട്ട് ലോകസഭാ സ്പീക്കറെ കണ്ടു.
അവര്‍ തനിക്ക് സംസാരിക്കാന്‍ അവസരം തന്നില്ല. ഇന്ത്യന്‍ ജനാധിപത്യം തകര്‍ച്ചയിലാണ്. പാര്‍ലമെന്റ് പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു. അദാനിയുടെ കൈയിലെ കള്ളപ്പണം ആരുടേതാണ് എന്ന തന്റെ ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല.
ഇന്ത്യയുടെ താല്‍പര്യങ്ങളല്ല സംരക്ഷിക്കപ്പെടുന്നത്. മറിച്ച് അദാനിയെപ്പോലുള്ള കുത്തക മുതലാളിമാരുടെ താല്‍പര്യങ്ങള്‍ മാത്രം. വയനാട് എന്റെ കുടുംബമാണ്. അവിടുത്തെ ജനങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. ഉടന്‍ തന്നെ അവര്‍ക്ക് ഞാന്‍ ഒരു കത്തെഴുതുന്നുണ്ട്.
വയനാട്ടിലെ ജനങ്ങള്‍ വൈകാരികമായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നതിനെക്കുറിചച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. വയനാട്ടില്‍ ആരായിരിക്കും സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ഈ നിര്‍ണായക നിമിഷത്തില്‍ തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v