കൊച്ചി: രാത്രിയിലെ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. കുഴഞ്ഞ് വീണ മനോഹരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് മർദനം ആരോപിച്ച് നാട്ടുകാർ സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്ത് വച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീക്കിയാണ് നിർത്തിയത്.
ഇതിൽ പ്രകോപിതനായി ഒരു പൊലീസുദ്യോഗസ്ഥന്‍ മനോഹരനെ മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. തുടര്‍ന്ന് മനോഹരനെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.
ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച ശേഷമാണ് മനോഹരന്‍ കുഴഞ്ഞ് വീണതെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ പൊലീസ് ജീപ്പില്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടുപോയി അപ്പോഴേക്കും മനോഹരൻ മരിച്ചിരുന്നു.
മനോഹരനെ പൊലീസ് മര്‍ദിച്ചതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മരണ വിവരമറിഞ്ഞതിന് പിന്നാലെ ശനിയാഴ്ച രാത്രി വൈകി ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താമെന്ന പൊലീസിന്റെ ഉറപ്പിലാണ് ഇവര്‍ പിരിഞ്ഞുപോയത്. അതേസമയം, മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v