രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; ഓസ്‌ട്രേലിയയിലും പ്രതിഷേധം

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; ഓസ്‌ട്രേലിയയിലും പ്രതിഷേധം

പെര്‍ത്ത്: രാഹുല്‍ ഗാന്ധിക്കെതിരായി നരേന്ദ്ര മോഡി ഗവണ്മെന്റ് നടത്തുന്ന പ്രതികാര നടപടികള്‍ക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ശക്തമാകുകയാണ്. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലും പ്രതിഷേധങ്ങളുടെ പ്രതിഫലനം അലയടിച്ചു തുടങ്ങി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് പോഷകസംഘടനയായ പ്രിയദര്‍ശിനി സോഷ്യല്‍ കള്‍ചറല്‍ ഫോറം ഓസ്‌ട്രേലിയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പെര്‍ത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി 'ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും പാര്‍ലമെന്ററി വിരുദ്ധവും' എന്നാണ് പ്രിയദര്‍ശിനി സെക്രട്ടറി ജിജോ ജോസഫ് വിശേഷിപ്പിച്ചത്.

'സര്‍ക്കാരിനെതിരെയോ ബിജെപിക്കെതിരെയോ പോയാല്‍ എന്തും സംഭവിക്കുമെന്ന് കാണിക്കാനും ജനങ്ങളില്‍ ഭയം വളര്‍ത്താനുമുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് പ്രസിഡന്റ് പോളി ചെമ്പന്‍ പറഞ്ഞു'.

അദാനി വിഷയത്തില്‍ നിന്ന് രാജ്യത്തെ വ്യതിചലിപ്പിക്കാനുള്ള നടപടിയാണിതെന്ന് ജിനേഷ് ആന്റണി പറഞ്ഞു. ഗാന്ധി എന്ന നാമം സംഘപരിവാര്‍ ശക്തികളില്‍ ഉളവാക്കുന്ന ഭയവും ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി വിദ്വേഷത്തിന്റെ ലോകത്ത് സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും ശബ്ദമായിമാറിയതും നടപടിക്ക് കാരണമായി. മതേതരത്വം ശക്തിപ്പെടുമ്പോള്‍ മതമൗലിക വാദിയായ ഭരണകൂടം അതിനെതിരെ വാളെടുക്കുക എന്നത് എക്കാലത്തും നടന്നു പോന്നിട്ടുള്ളതാണെന്നും ജിനേഷ് ആന്റണി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26