റബറിന് പിന്നാലെ നെല്ലിലും പിടിമുറുക്കി കത്തോലിക്കാ സഭ; നെല്ല് വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം

റബറിന് പിന്നാലെ നെല്ലിലും പിടിമുറുക്കി കത്തോലിക്കാ സഭ; നെല്ല് വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം

ആലപ്പുഴ: റബര്‍ വിലയ്ക്ക് പിന്നാലെ നെല്ലിന്റെ വിലയിലും പിടിമുറുക്കി കത്തോലിക്കാ സഭ. കര്‍ഷകര്‍ക്ക് നെല്ല് വില നല്‍കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കഴിഞ്ഞ കൃഷിയുടെ മുതല്‍ കിട്ടാനുള്ള ഹാന്‍ഡ്ലിങ് ചാര്‍ജും അടിയന്തരമായി നല്‍കണമെന്ന് ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.

മാമ്പുഴക്കരി ക്രിസ് സെന്ററില്‍ കൂടിയ ക്രിസ് ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരിക്കുന്നതു പോലെ നെല്ലിന്റെ ഉല്‍പാദനച്ചെലവിന് അനുസരിച്ച് താങ്ങുവില ഉയര്‍ത്തി ക്വിന്റ ലിന് നാലായിരം രൂപയാക്കി നല്‍കണം. കൂടാതെ കളത്തില്‍ നിന്നും നെല്ലെടുക്കുന്നത് മുതലുള്ള ചെലവുകള്‍ പുര്‍ണമായും സിവില്‍ സപ്ലൈസ് വഹിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.

2020 മുതല്‍ കൃഷി നാശം സംഭവിച്ചിട്ടുള്ള കര്‍ഷകരുടെ ഇന്‍ഷുറന്‍സ് തുക അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പമ്പിങ് സബ്സിഡി കുടിശിക പൂര്‍ണമായും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ് നടപ്പില്‍ വരുത്തുവാന്‍ പോകുന്ന പ്ലാനുകളും പദ്ധതികളും പ്രസിഡന്റ് ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ വിശദീകരിച്ചു.

യോഗത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ നെല്ലുവേലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ഗ്രിഗറി ഓണങ്കുളം, ഫാ. ജോസഫ് കൊച്ചുചിറയില്‍, ഫാ. തോമസ് കുളത്തുങ്കല്‍, സി.ടി തോമസ് കാച്ചാംകോടം, ടോം ജോസഫ് ചമ്പക്കുളം, ജോര്‍ജ് മാത്യു വാച്ചാപറമ്പില്‍, ജോസഫ് മാത്യു ഇല്ലിപ്പറമ്പില്‍, വിജി മോള്‍ കാപ്പില്‍ കോയിപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.