ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയെ വധ ശിക്ഷയ്ക്ക് വിധേയയാക്കി; കുട്ടികളോടും സ്ത്രീകളോടും ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ കൊടും ക്രൂരത

ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയെ വധ ശിക്ഷയ്ക്ക് വിധേയയാക്കി; കുട്ടികളോടും സ്ത്രീകളോടും ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ കൊടും ക്രൂരത

സോള്‍: ഉത്തര കൊറിയ തങ്ങളുടെ പൗരന്‍മാരോട് കാണിക്കുന്ന കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പുറത്തു വിട്ട് ദക്ഷിണ കൊറിയ. കുട്ടികളെയും ഗര്‍ഭിണികളായ സ്ത്രീകളെയും ക്രൂരമായ ശിക്ഷാ രീതികള്‍ക്ക് ഉത്തര കൊറിയ വിധേയരാക്കുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയെ അടുത്തയിടെ വധ ശിക്ഷയ്ക്ക് വിധേയയാക്കി എന്ന ഞെട്ടിപ്പിക്കുന്ന സംഭവവും ദക്ഷിണ കൊറിയ പുറം ലോകത്തെ അറിയിച്ചു. ആറുമാസം ഗര്‍ഭിണിയായ യുവതിയെ വധ ശിക്ഷയ്ക്ക് വിധേയയാക്കിയതിന്റെ കാരണമാണ് ഏറെ വിചിത്രം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച യുവതി ഡാന്‍സ് കളിക്കുന്ന വീഡിയോയില്‍ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം കാണാനായി എന്നതാണ് വധശിക്ഷ നല്‍കാനുള്ള കാരണം. ഇതില്‍ പലര്‍ക്കും പ്രതിഷേധമുണ്ടങ്കിലും ജീവന്‍ ഭയന്ന് ആരും പുറത്തു പറയുന്നില്ല.

ഭിന്നശേഷിക്കാരായ ആളുകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നതാണ് മറ്റൊരു ക്രൂരത. ഇതും ദക്ഷിണ കൊറിയയുടെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ അഞ്ഞൂറോളം പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഏകപക്ഷീയമായി ജനങ്ങളെ അടിച്ചമര്‍ത്തുന്ന രീതികളാണ് ഉത്തര കൊറിയ പിന്തുടരുന്നത്. സ്വവര്‍ഗരതി, മയക്കുമരുന്ന് ഉപയോഗം, മതവിശ്വാസം, ദക്ഷിണ കൊറിയയില്‍ നിന്നുള്ള വീഡിയോകള്‍ കാണുക എന്നീ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്.

വധശിക്ഷ വിധിക്കാന്‍ ഈ കുറ്റങ്ങള്‍ ഉത്തര കൊറിയയില്‍ ധാരാളമാണ്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള വീഡിയോ കണ്ടതിനും കറുപ്പ് അടങ്ങിയ സിഗരറ്റ് ഉപയോഗിച്ചതിനും ആറ് കുട്ടികളെ അടുത്തിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.