ന്യൂഡല്‍ഹി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ വാക്കൗട്ട് നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നാല് കോടി രൂപ പിഴയിട്ടു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന് എഐഎഫ്എഫ് നടത്തുന്ന പത്തു മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
വാക്കൗട്ട് നടത്തിയ സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാനജ്‌മെന്റും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും വേണം. പരസ്യമായി ഖേദപ്രകടം നടത്തിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ട് കോടി കൂടിയും വുകോമനോവിച്ച് 5അഞ്ച് ലക്ഷം കൂടിയും പിഴയടയ്‌ക്കേണ്ടി വരും. വൈഭവ് ഗഗാര്‍ ചെയര്‍മാനായ എഐഎഫ്എഫിന്റെ ഡിസിപ്ലിനറി കമ്മിറ്റിയാണ് ഇന്നലെ രാത്രി ബ്ലാസ്റ്റേഴ്‌സിനെതിരെ ശിക്ഷാ നടപടികളെടുത്തത്.
മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു പ്ലേ ഓഫിലാണ് പിഴയ്ക്കും വിലക്കിനും ഇടയായ സംഭവങ്ങള്‍ അരങ്ങേറിയത്. എക്‌സ്ട്രാ ടൈമില്‍ 96-ാം മിനിട്ടില്‍ ബംഗളൂരുവിന് അനുകൂലമായി ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനടുത്ത് വച്ച് പെനാല്‍റ്റി കിട്ടിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ റെഡിയാകുന്നതിന് മുമ്പേ ബംഗളൂരു നായകന്‍ സുനില്‍ ഛെത്രി കിക്കെടുത്ത് പന്ത് വലയിലാക്കുകയായിരുന്നു. റഫറി ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വുകോമനോവിച്ച് ടീമിനെ തിരിച്ച് വിളിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.