കോളജുകള്‍ക്ക് പ്രണയ അവധി: അവധിക്കാലത്ത് സ്‌പെഷ്യല്‍ ഹോം വര്‍ക്കുകളും; ജനസംഖ്യ കൂട്ടാന്‍ അടവുകള്‍ മെനഞ്ഞ് ചൈന

കോളജുകള്‍ക്ക് പ്രണയ അവധി: അവധിക്കാലത്ത് സ്‌പെഷ്യല്‍ ഹോം വര്‍ക്കുകളും; ജനസംഖ്യ കൂട്ടാന്‍ അടവുകള്‍ മെനഞ്ഞ് ചൈന

ബീജിങ്: ചൈനയിലെ യുവജനങ്ങള്‍ക്ക് വിവാഹിതരാവാന്‍ താല്‍പര്യമില്ലാതെ വന്നതോടെ ജനസംഖ്യ താഴോട്ട് പോവുകയാണ്. യുവജനങ്ങളുടെ ഈ താല്‍പര്യമില്ലായ്മ അധികം വൈകാതെ ചൈനയെ കിഴവന്മാരുടെ രാജ്യമാക്കുമെന്ന പേടിയിലാണ് സര്‍ക്കാര്‍. അതിനായി ജനസംഖ്യ കൂട്ടാന്‍ യുവജനങ്ങളെ സ്വാധീനിക്കാനുള്ള വഴികളുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍.

കോളജുകളെ കൂട്ടുപിടിച്ച് യുവജനങ്ങളെ പ്രണയത്തിലേക്കും അതിലൂടെ കുടുംബ ജീവിതത്തിലേക്കും എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആദ്യ ഘട്ടത്തില്‍ ഏഴ് കോളജുകളിലാണ് പ്രണയ അവധി നടപ്പാക്കുന്നത്. ഏഴ് ദിവസമാണ് ഇത്തരത്തില്‍ അവധി ലഭിക്കുന്നത്. പ്രകൃതിയോട് പരമാവധി ഇണങ്ങി ജീവിക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇതിലൂടെ അവരുടെ മനസ് പ്രണയത്തിലെത്തും എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അങ്ങനെ എത്തിയില്ലെങ്കില്‍ അതിനുവേണ്ട പ്രോത്സാഹനവും നല്‍കും.

വെറുതേ പ്രണയിച്ച് നടന്നാല്‍ പോര. നല്‍കിയിട്ടുള്ള ഹോം വര്‍ക്കുകളും ചെയ്തിരിക്കണം. പ്രണയത്തെക്കുറിച്ചുള്‍പ്പടെ ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കല്‍, വ്യക്തിത്വ വികസനം രേഖപ്പെടുത്തല്‍ എന്നിവയാണ് പ്രധാന ഹോം വര്‍ക്കുകള്‍. ഇതെല്ലാം പരിശോധിച്ച് മാര്‍ക്കും നല്‍കും.

ജനസംഖ്യ കുറയുന്ന പ്രശ്‌നം പരിഹരിക്കാന്‍ പുരുഷ ധനം ഇല്ലാതാക്കല്‍ ഉള്‍പ്പടെ പലവഴികളും അധികൃതര്‍ നോക്കിയിരുന്നു. വിവാഹം കഴിക്കാത്ത മുപ്പതിനുമേല്‍ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിന് കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. ഈ നീക്കം കുറച്ചൊക്കെ പ്രയോജനം ഉണ്ടാക്കുകയും ചെയ്തു. ഇതിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് പ്രണയ അവധിക്ക് പ്രേരണയായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ ആറ് പതിറ്റാണ്ടിനിടെ കഴിഞ്ഞ വര്‍ഷം ജനസംഖ്യാ ശോഷണം രേഖപ്പെടുത്തിരുന്നു. ഇതോടെയാണ് ഭരണാധികാരികള്‍ അപകടം തിരിച്ചറിഞ്ഞ് പരിഹാര മാര്‍ഗം തേടി രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.