കുട്ടികളുടെ മതബോധനത്തിന് ഊന്നല്‍ നല്‍കണം

കുട്ടികളുടെ മതബോധനത്തിന് ഊന്നല്‍ നല്‍കണം

ഷെറിന്‍ ചീരംവേലില്‍
ജി.എം.പി ഓഡിറ്റര്‍
ആരോഗ്യ മന്ത്രാലയം, ന്യൂസിലന്‍ഡ്

നാം ജീവിക്കുന്ന സാഹചര്യങ്ങള്‍ പലപ്പോഴും നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് അനുകൂലമല്ല. മുതിര്‍ന്നവരായ നാം വിശ്വാസത്തില്‍ ജീവിക്കുന്നതിനു കാരണം കുട്ടിക്കാലത്ത് ലഭിച്ച മതബോധന ക്ലാസുകള്‍ വഴിയുള്ള വിശ്വാസ അടിത്തറ ഒന്നു കൊണ്ട് മാത്രമാണെന്ന് നിസംശയം പറയാന്‍ സാധിക്കും.

ഞാന്‍ ആദ്യം മഹാരാഷ്ട്രയില്‍ ജോലിക്കു പോയ സ്ഥലത്ത് ക്രിസ്ത്യാനികള്‍ തീരെ കുറവായിരുന്നു. പള്ളിയില്‍ പോകാനുള്ള സാഹചര്യങ്ങളും കുറവായിരുന്നു എങ്കിലും എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂര്‍ നടന്നു പോയി വി. കുര്‍ബ്ബാനയില്‍ സംബന്ധിച്ചിരുന്നു. സ്വതന്ത്ര്യത്തോടെ അവിടെ ജീവിച്ച സാഹചര്യങ്ങളില്‍ സ്വയം ബോധ്യത്തോട് കൂടി വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എനിക്ക് ചെറുപ്പത്തില്‍ കിട്ടിയ മതബോധനമാണ്.

പിന്നീട് ചെറിയ ഒരു കാലയളവില്‍ സൗദി അറേബ്യയില്‍ സണ്‍ഡേ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കാന്‍ സാധിച്ചു. മത സ്വാതന്ത്ര്യമില്ലാത്ത രാജ്യത്ത് എത്ര കൃത്യനിഷ്ടയോടെയാണ് വേദപാഠ ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും നടത്തിപ്പോരുന്നത്. നാനൂറോളം കുട്ടികള്‍ക്ക് പല വീടുകളിലായി എണ്‍പതോളം അധ്യാപകര്‍ പഠിപ്പിക്കുന്നു. അധ്യാപകരില്‍ ഭൂരിഭാഗവും നഴ്സുമാരായിരുന്നു. അവരുടെ ഡ്യൂട്ടി കഴിഞ്ഞ് മതബോധന ക്ലാസുകള്‍ എടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. മാതാപിതാക്കളും കമ്മറ്റി അംഗങ്ങളും ഉത്സാഹപൂര്‍വ്വം വിശ്വാസ പരിശീലനത്തിനായി പ്രവര്‍ത്തിച്ചുപോരുന്നത് ഇന്നും അതിശയമായിട്ടാണ് കാണുന്നത്.

അവിടെയുള്ള മാതാപിതാക്കളുടെ വിശ്വാസ തീഷ്ണത പ്രവാസികളായി ജീവിക്കുന്ന മാതാപിതാക്കള്‍ക്ക് ഒരു മാതൃകയാണ്. കുട്ടിക്കാലത്ത് നമുക്ക് ലഭിച്ച വിശ്വാസ പരിശീലനമാണ് വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കാനും അടുത്ത തലമുറക്ക് വിശ്വാസം പകര്‍ന്ന് നല്‍കാനും നമ്മെ പ്രേരിപ്പിക്കുന്നത്.

അതേസമയം, മതപരമായി എല്ലാവിധ സ്വാതന്ത്ര്യവുമുള്ള രാജ്യങ്ങളില്‍ വസിക്കുന്ന വിശ്വാസികളുടെ അവസ്ഥ വിഭിന്നമാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും മതബോധന ക്ലാസുകള്‍ ഭംഗിയായി നടക്കുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെ അയക്കാന്‍ അത്ര താല്‍പര്യം കാണിക്കുന്നില്ല.

കുട്ടികള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ നേടിക്കൊടുത്താലും എത്ര വലിയ വിദ്യാഭ്യാസം നല്‍കിയാലും വിശ്വസ മൂല്യങ്ങള്‍ സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുട്ടികളായി വളരുന്നില്ലെങ്കില്‍ ആ നേട്ടങ്ങളും ഉന്നതിയുമൊക്ക വട്ട പൂജ്യമായിരിക്കും. ഞായറാഴ്ചകളില്‍ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ എന്നും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന മക്കളായി വളരുന്നില്ലെങ്കില്‍ അവര്‍ നേടിയ ഭൗതികമായ വളര്‍ച്ചയ്ക്ക് നിലനില്‍പ്പുണ്ടാവുകയില്ല.

നാം എവിടെയായിരുന്നാലും മാതാപിതാക്കള്‍ നമുക്ക് നേടിത്തന്ന വിശ്വാസ അടിത്തറ നമ്മുടെ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

പരമ്പരയുടെ എല്ലാ ഭാഗങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.