പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് താരം ക്രിസ്റ്റോ ജിവ്‌കോവ് അന്തരിച്ചു

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് താരം ക്രിസ്റ്റോ ജിവ്‌കോവ് അന്തരിച്ചു

സോഫിയ: യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ തീവ്രതയും വേദനയും ദൃശ്യഭാഷയില്‍ പകര്‍ത്തി ലോകപ്രശസ്തമായ 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' സിനിമയില്‍ യോഹന്നാനായി അഭിനയിച്ച ബള്‍ഗേറിയന്‍ നടന്‍ ക്രിസ്റ്റോ ജിവ്‌കോവ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലോസ് ഏയ്ഞ്ചല്‍സില്‍ വച്ചായിരുന്നു മരണം. 48 വയസായിരുന്നു.

ബള്‍ഗേറിയന്‍ വംശജനായ ക്രിസ്റ്റോ, മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' സിനിമയിലെ യോഹന്നാനായി അഭിനയിച്ചതിലൂടെയാണ് പ്രശസ്തനായത്. 2001-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എര്‍മാനോ ഒല്‍മിയുടെ 'ദി പ്രൊഫഷന്‍ ഓഫ് ആംസ്' എന്ന സിനിമയിലെ അഭിനയത്തിലൂടെയും ശ്രദ്ധേയനാണ്.

1975 ഫെബ്രുവരി 18 ന് ബള്‍ഗേറിയയിലെ സോഫിയയില്‍ ജനിച്ച ക്രിസ്റ്റോ, ബള്‍ഗേറിയന്‍ ഫിലിം ആന്‍ഡ് തിയേറ്റര്‍ അക്കാദമിയില്‍ ചേര്‍ന്ന് സിനിമാ അഭിനയത്തില്‍ പ്രാവീണ്യം നേടി. ബിരുദം നേടിയതിന് തൊട്ടുപിന്നാലെ, 'ദി പ്രൊഫഷന്‍ ഓഫ് ആംസില്‍' ജിയോവാനി ഡി മെഡിസി എന്ന കഥാപാത്രത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഈ ചിത്രം പിന്നീട് നിരവധി പുരസ്‌കാരങ്ങള്‍ നേടി.

'ദി പ്രൊഫഷന്‍ ഓഫ് ആംസിലെ' അഭിനയം ജിവ്കോവിനെ ഇറ്റാലിയന്‍ ചലച്ചിത്ര വ്യവസായത്തില്‍ കൂടുതല്‍ ചുവടുറപ്പിക്കാന്‍ സഹായിച്ചു. 2004-ലാണ് ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റില്‍ അഭിനയിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ ഒരേയൊരു ഹോളിവുഡ് പ്രോജക്ടായിരുന്നു അത്.

യോഹന്നാന്റെ വേഷം സിനിമാ ആസ്വാദകരുടെ മനസില്‍ അദ്ദേഹത്തിന് ഒരു സ്ഥിര സാന്നിദ്ധ്യം ഉറപ്പാക്കി. ആഗോളാടിസ്ഥാനത്തില്‍ തന്നെ നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം കൂടിയാണ് ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്. 77-മത് അക്കാദമി അവാര്‍ഡില്‍ മൂന്ന് ഓസ്‌കാര്‍ നോമിനേഷന്‍ ചിത്രത്തിനു ലഭിച്ചു. ചിത്രത്തിന്റെ അവസാനഭാഗത്തില്‍ പീഡാനുഭവത്തിന്റെ അതിവൈകാരിക രംഗങ്ങളും യേശുവിനെ ക്രൂശിക്കുന്ന രംഗങ്ങളും ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു.

30 ദശലക്ഷം ഡോളര്‍ മുടക്കി ഇറ്റലിയിലാണ് ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ചിത്രീകരിച്ചത്. അരാമിയ, ഹീബ്രു, ലാറ്റിന്‍ എന്ന ഭാഷകളില്‍ തീയേറ്ററിലെത്തിയ ചിത്രം ലോകവ്യാപകമായി 612 ദശലക്ഷം ഡോളറാണ് നേടിയത്.

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ചയായ റിസറക്ഷന്‍ എന്ന ചിത്രത്തിലും ക്രിസ്റ്റോ അഭിനയിക്കും എന്നൊരു വാര്‍ത്ത നേരത്തേ പുറത്തു വന്നിരുന്നു. കുരിശു മരണത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും ഇടയിലുള്ള മൂന്ന് ദിവസങ്ങളില്‍ നടന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഈ ചിത്രം എന്ന് പുറത്തിറങ്ങും എന്നതും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.