വാഷിങ്ടണ്‍: അരനൂറ്റാണ്ടിനു ശേഷമുള്ള ആദ്യ മനുഷ്യ ചാന്ദ്രയാത്രയ്ക്ക് സജ്ജമായി നാസ. ആര്‍ട്ടിമിസ് 2 ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലു പേരെ പ്രഖ്യാപിച്ചു. നാസയുടെ മൂന്നും കനേഡിയന്‍ സ്പേസ് എജന്‍സിയുടെ ഒരാളുമാണ് ചന്ദ്രനിലേക്ക് പോകുക. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരാണ് യാത്രികര്‍.
ക്രിസ്റ്റിനയാണ് സംഘത്തിലെ ഏക വനിത. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടര്‍ച്ചയായി 328 ദിവസം താമസിച്ച വനിതയെന്ന റിക്കാര്‍ഡിന് ഉടമയാണിവര്‍. ഇതാദ്യമായാണ് ചാന്ദ്രപര്യവേഷണയാത്രാ ദൗത്യത്തില്‍ ഒരു വനിത ഉള്‍പ്പെടുന്നത്.
നാസ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ തിങ്കള്‍ രാത്രിയാണ് അഡ്മിനിസ്ട്രറ്റര്‍ ബില്‍ നെല്‍സണ്‍ ദൗത്യാംഗങ്ങളെ പ്രഖ്യാപിച്ചത്. ചന്ദ്രനില്‍നിന്ന് ചൊവ്വയിലേക്കും അവിടെനിന്ന് അപ്പുറത്തേക്കുമുള്ള മനുഷ്യന്റെ വലിയ യാത്രയ്ക്കുള്ള തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നാസ അനാവരണം ചെയ്ത പുതിയ ബഹിരാകാശ വസ്ത്രം ധരിച്ചാണ് നാലു സഞ്ചാരികളും ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു വിക്ഷേപിക്കുന്ന എസ്എല്‍എസ് റോക്കറ്റില്‍ ഘടിപ്പിച്ച ഓറിയോണ്‍ ബഹിരാകാശ പേടകത്തിലാണ് നാല് ബഹിരാകാശ സഞ്ചാരികളെ വിടുന്നത്.
പരിശീലനം ലഭിച്ച അമ്പതിലധികം പേരില്‍ നിന്നാണ് നാലു പേരെ തെരഞ്ഞെടുത്തത്. അടുത്ത വര്‍ഷം നവംബറിലാണ് ദൗത്യം. നാല് യാത്രികരും ചന്ദ്രനില്‍ കാലുകുത്തില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം ഗഗനചാരികള്‍ മടങ്ങും.
നാല് ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്കും തിരിച്ചും പത്തു ദിവസം നീളുന്ന യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 2025-ല്‍ ആര്‍ട്ടിമിസ് മൂന്നാം ദൗത്യത്തില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മനുഷ്യനെ ഇറക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യകോളനികള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ആര്‍ട്ടിമിസ് ദൗത്യം. 1972 ഡിസംബറില്‍ അപ്പോളോ-17 ആയിരുന്നു അവസാനത്തെ മനുഷ്യ ചാന്ദ്ര ദൗത്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.