ആലപ്പുഴ: ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് രക്ഷകരായി പൊലീസ്. ജീവനോടെ മാതാവ് ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവ് തന്നെയാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയും ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.
കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
ബക്കറ്റില്‍ നിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ ഒരു നിമിഷം പോലും വൈകാതെയാണ് ചോരക്കുഞ്ഞിനേയും എടുത്ത് ചെങ്ങന്നൂര്‍ സിഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലേക്ക് ഓടിയത്. മരിച്ചെന്ന് കരുതി കൈയിലെടുത്ത കുഞ്ഞ് അനങ്ങുന്നത് കണ്ട് ഉടന്‍ തന്നെ പൊലീസ് തൊട്ടടുത്തുള്ള മാമന്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.