ട്രംപ് ഉടൻ കീഴടങ്ങും; ന്യുയോർക്കിൽ കലാപസാധ്യതയെന്ന് പൊലീസ്; വൻ സുരക്ഷ

ട്രംപ് ഉടൻ കീഴടങ്ങും; ന്യുയോർക്കിൽ കലാപസാധ്യതയെന്ന് പൊലീസ്; വൻ സുരക്ഷ

ന്യൂയോര്‍ക്ക്: പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് ആരോപണം മറച്ചുവെക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കീഴടങ്ങാന്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്കില്‍ എത്തി. ഇന്ന് തന്നെ മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ ട്രംപ് കീഴടങ്ങും എന്നാണ് വിവരം. കോടതിയില്‍ മാധ്യമ കവറേജ് വിലക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടേക്കും.

പോലീസുകാരും കോടതി ഉദ്യോഗസ്ഥരുടേയും രഹസ്യാന്വേഷണ ഏജൻറുമാരും ട്രംപിനെ കോടതിയിലേക്ക് അനുഗമിക്കും. കോടതിയിൽ ട്രംപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. എന്നാൽ ട്രംപിനെ കൈയ്യാമം വെയ്ക്കുകയോ, ജയിലിൽ അടക്കുകയോ ചെയ്യില്ല. അതേസമയം ട്രംപിനെതിരായ കോടതി നടപടികളുടെ പശ്ചാത്തലത്തിൽ അനുയായികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ന്യൂയോർക്കിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കോടതിയില്‍ താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന നിലപാട് തന്നെയായിരിക്കും ട്രംപ് ആവര്‍ത്തിക്കുക. ക്രിമിനല്‍ കുറ്റം നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ട്രംപ്. അതേസമയം മാന്‍ഹട്ടനില്‍ കനത്ത സുരക്ഷയ്ക്കിടയിലാണ് ട്രംപിന്റെ വിചാരണ നടക്കുക. ട്രംപ് തന്റെ ഫിഫ്ത്ത് അവന്യൂ കെട്ടിടം വിട്ട ശേഷം കോടതിയില്‍ കീഴടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

മാന്‍ഹട്ടന് ചുറ്റും ആയിരക്കണക്കിന് പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. അതേസമയം ട്രംപ് അനുകൂലികള്‍ ഇവിടേക്ക് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോടതി മുറിയില്‍ ക്യാമറകള്‍ വെച്ചതിനെ ട്രംപിന്റെ അഭിഭാഷക സംഘം എതിര്‍ത്തിട്ടുണ്ട്. അതോടൊപ്പം തന്റെ അഭിഭാഷക സംഘത്തില്‍ ടോഡ് ബ്ലാഞ്ചെ എന്ന പുതിയ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട്.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് ഈ കേസ്. 2016 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് തനിക്ക് എതിരായ ലൈംഗികാരോപണം ഒതുക്കി തീര്‍ക്കാന്‍ ട്രംപ് സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കി എന്നതാണ് കേസ്. സ്റ്റോമി ഡാനിയേല്‍സ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇതില്‍ കഴിഞ്ഞ ദിവസം ട്രംപ് കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചിരുന്നു.

താനും ട്രംപും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരിക്കാന്‍ 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ മുന്‍ അഭിഭാഷകനില്‍ നിന്ന് 130,000 ഡോളര്‍ താന്‍ കൈപ്പറ്റി എന്നുമാണ് സ്റ്റോമി ഡാനിയല്‍സ് പറയുന്നത്. 2006 ജൂലൈയില്‍ ഒരു ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ വെച്ചാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയത് എന്നായിരുന്നു സ്റ്റോമി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നത്.

കാലിഫോര്‍ണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. സ്റ്റോമി ഡാനിയേല്‍സിന് പണം കൊടുത്തിട്ടുണ്ട് എന്നും എന്നാല്‍ അത് ആരോപണം മൂടിവെക്കാനല്ല എന്നുമാണ് ട്രംപ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.