ഫിന്‍ലന്‍ഡിന് നാറ്റോ അംഗത്വം; റഷ്യയ്ക്ക് തിരിച്ചടി

ഫിന്‍ലന്‍ഡിന് നാറ്റോ അംഗത്വം;  റഷ്യയ്ക്ക്  തിരിച്ചടി

ബ്രസല്‍സ്: ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഫിന്‍ലന്‍ഡ് നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടി. റഷ്യയുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഫിന്‍ലന്‍ഡിന് നാറ്റോയില്‍ അംഗത്വം ലഭിച്ചിരിക്കുന്നത്. ഇതോടെ, നാറ്റോ അംഗ രാജ്യങ്ങളുടെ എണ്ണം 31 ആയി.

നാറ്റോയിലെ പ്രധാന സഖ്യകക്ഷിയായ തുര്‍ക്കി പാര്‍ലമെന്റ് ഫിന്‍ലന്‍ഡിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് സഖ്യ പ്രവേശനം സാധ്യമായത്. അതേസമയം ഫിന്‍ലന്‍ഡിനൊപ്പം അപേക്ഷ നല്‍കിയ സ്വീഡന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

ഉക്രെയ്ന്‍ യുദ്ധം പ്രതീക്ഷിച്ച വിജയം കാണാതെ നില്‍ക്കുമ്പോഴുള്ള അയല്‍ രാജ്യത്തിന്റെ നാറ്റോ പ്രവേശനം റഷ്യയ്ക്ക് തിരിച്ചടിയാണ്. നാറ്റോയില്‍ ചേര്‍ന്നാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ ഫിന്‍ലന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ചേരിചേരാ നയമാണ് ഫിന്‍ലന്‍ഡ് സ്വീകരിച്ചു വന്നിരുന്നത്. എന്നാല്‍ ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ നാറ്റോയ്ക്കൊപ്പം ചേരാന്‍ ഫിന്‍ലന്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഉക്രെയ്‌ന്റെ നാറ്റോ പ്രവേശന ആവശ്യം ഇതുവരെയും സാധ്യമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ അംഗ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഫിന്‍ലന്‍ഡിന് അംഗത്വം നല്‍കിയത്. പിന്നീട് നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡ് പതാക ഉയര്‍ത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.