ട്രെയിനില്‍ തീവെച്ച കേസ്: ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍; പ്രതിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍

ട്രെയിനില്‍ തീവെച്ച കേസ്: ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍; പ്രതിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍

മുംബൈ: എലത്തൂര്‍ ട്രെയിനില്‍ തീവെച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായെന്ന് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പ്രതിയെ പിടികൂടിയ വിവരം കേരള എടിഎസിനെയും അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. രത്‌നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാളാണ് പ്രതിയെന്ന് വ്യക്തമായിരിക്കുന്നതായാണ് വിവരം.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.

പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ പരിക്കുകളുണ്ട്. ഇതിനു ചികിത്സ തേടിയപ്പോഴാണ് പിടിയിലാകുന്നതെന്നാണ് വിവരം. പരിക്കേറ്റ പ്രതി കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ പൊലീസ് വ്യാപക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതി ഒറ്റയ്ക്കാണോ, മറ്റേതെങ്കിലും സംഘടന ആക്രമണത്തിന് പിന്നിലുണ്ടോ എന്നതെല്ലാം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.

എലത്തൂരില്‍ വെച്ച് ട്രെയിനില്‍ ആക്രമണം നടത്തിയ ശേഷം അതേ ട്രെയിനില്‍ തന്നെ പ്രതി കണ്ണൂരിലെത്തുന്നു. അവിടെ നിന്നും അന്നു രാത്രി തന്നെ മംഗലാപുരത്തേക്ക് കടക്കുന്നു. തുടര്‍ന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനായിരുന്നു ഷാറൂഖ് സെയ്ഫി പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഷാറൂഖ് സെയ്ഫി മുമ്പ് അധികനാള്‍ കേരളത്തില്‍ താമസിച്ചതായിട്ടോ, തങ്ങി ആക്രമണ പദ്ധതി തയ്യാറാക്കിയതായോ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.

ഉത്തരേന്ത്യയില്‍ നിന്നും എത്തി കേരളത്തില്‍ ആക്രമണം നടത്തി തിരിച്ചുപോയി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് എല്ലാ സംസ്ഥാന ഡിജിപിമാരെയും വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിക്കായി നിരീക്ഷണവും നടത്തിവരികയായിരുന്നു. പ്രതി ഷാറൂഖ് സെയ്ഫി സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നയാളാണ്. ഇയാളുടെ ഫോട്ടോയും മൊബൈല്‍ നമ്പറുകളും അന്വേഷണസംഘത്തിന് ലഭിച്ചതും കേസില്‍ നിര്‍ണായകമായി. ഈ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷാറൂഖ് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ എത്തിയതായി കണ്ടെത്തുന്നത്.

ട്രെയിൻ തീവെയ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടിരുന്നു. ഇത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിലേക്കും വിവിധ സംസ്ഥാന പൊലീസ് സേനകൾക്കും അയച്ചിരുന്നു.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോള്‍ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി മറ്റു കംപാര്‍ട്‌മെന്റുകളിലേക്കു ചിതറിയോടി. പേടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ മൂന്ന് പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.