മരിക്കില്ല ഈ ഗാനങ്ങള്‍ മനസ്സില്‍ നിന്നും; എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍

മരിക്കില്ല ഈ ഗാനങ്ങള്‍ മനസ്സില്‍ നിന്നും; എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍

രംഗബോധമില്ലാത്ത കോമാളി എന്ന് മരണത്തെ ചിലപ്പോള്‍ വിശേഷിപ്പിക്കാറുണ്ട്. ശരിയാണ്. ഭൂമിയില്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കി വെച്ച് മറ്റൊരിടത്തേക്ക് യാത്രയാകുകയാണ് ഓരോരുത്തരും മരണത്തിലൂടെ. പാടാന്‍ പാട്ടുകള്‍ ഏറെ ബാക്കി നില്‍ക്കുമ്പോഴും മരണം കവര്‍ന്നു എസ് പി ബാലസുബ്രഹ്‌മണ്യം എന്ന അതുല്യ ഗായകനെ. എസ് പി ബിയുടെ പാട്ടോര്‍മ്മകളില്‍ നിന്നും ഒരിക്കലും വിട്ടകലാന്‍ സംഗീതാസ്വാദകര്‍ക്ക് കഴിയില്ല. കാരണം അത്രമേല്‍ ആര്‍ദ്രമാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടും.

ചെന്നൈ അലുമ്പാക്കം നെല്‍സണ്‍മാണിക്കം റോജിലുള്ള എം ജി എം ആശുപത്രിയില്‍ വെച്ചായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ അന്ത്യം. ഓഗസ്റ്റ് അഞ്ച് മുതല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കൊവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് കൊവിഡ് ഫലം നെഗറ്റീവായെങ്കിലും ആരോഗ്യ സ്ഥിതി പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

40,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്‌മണ്യം. അതും പതിനാറോളം ഇന്ത്യന്‍ ഭാഷകളിലായി. ആറ് ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കാലമെത്ര പിന്നിട്ടാലും മസ്സുകളില്‍ നിന്നും മാറാത്ത എസ് പി ബിയുടെ ചില പാട്ടുകള്‍...

ഇളയനിലാ പൊഴികിറതേ...

പയനങ്കള്‍ മുടിവതില്ലൈ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. 1982-ല്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിലെ പാട്ടുകള്‍ ആസ്വാദകമനം കവര്‍ന്നിരുന്നു.


മലരേ മൗനമാ...

 ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ ഭേദിച്ച സുന്ദര ഗാനം. 1995-ല്‍ തിയേറ്ററുകളിലെത്തിയ കര്‍ണ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഇന്നും ആസ്വാദകര്‍ പാടി നടക്കുന്നുണ്ട് എസ് പി ബി അനശ്വരമാക്കിയ ഈ പാട്ട്


സുന്ദരീ കണ്ണാല്‍ ഒരു...

എസ് പി ബിയും എസ് ജാനകിയും പാടി സൂപ്പര്‍ഹിറ്റാക്കിയതാണ് മനോഹരമായ ഈ ഗാനം. 1991-ല്‍ തിയേറ്ററുകളിലെത്തിയ ദളപതി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു.


കാതല്‍ റോജാവേ...

എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും മനസ്സില്‍ നിന്നും അകലാത്തതാണ് ഈ പാട്ട്. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ വിരിഞ്ഞ ഈ മനോഹര പ്രണയഗാനം എസ് പി പി അനശ്വരമാക്കി. 1992-ല്‍ തിയേറ്ററുകളിലെത്തിയ റോജ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.


ശങ്കരാ... നാദശരീരം...

1980-ല്‍ പ്രേക്ഷകരിലേക്കെത്തിയ ശങ്കരാഭരണം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കെ വി മഹാദേവന്‍ സംഗീതം പകര്‍ന്ന ഈ ഗാനം എസ് പി ബി പാടി സുന്ദരമാക്കി. മലയാളികള്‍ ഇന്നും മറന്നിട്ടില്ല ഈ പാട്ട്.


താരാപഥം ചേതോഹരം....

എസ് പി ബാലസുബ്രഹ്‌മണ്യവും കെ സ് ചിത്രയും ചേര്‍ന്ന് ആലപിച്ച് അനശ്വരമാക്കിയതാണ് ഈ പാട്ട്. ജോമോന്‍ സംവിധാനം നിര്‍വഹിച്ച അനശ്വരം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മമ്മൂട്ടി, ഇന്നസെന്റ്, ശ്വേത മേനോന്‍, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 1991-ലാണ് തിയേറ്ററുകളിലെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.