ആഗോള സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്: മുകേഷ് അംബാനി ഒമ്പതാമത്; പട്ടികയില്‍ 169 ഇന്ത്യക്കാര്‍

 ആഗോള സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്: മുകേഷ് അംബാനി ഒമ്പതാമത്; പട്ടികയില്‍ 169 ഇന്ത്യക്കാര്‍

മുംബൈ: ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ ആഗോള പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടമായ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്. 37-ാമത് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരന്‍ എന്ന പദവിയും മുകേഷ് അംബാനിയ്ക്കാണ്.

90.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് മുന്‍ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്, ഡെല്‍ ടെക്നോളജീസ് ചെയര്‍മാന്‍ മൈക്കല്‍ ഡെല്‍ എന്നിവരെക്കാള്‍ ഉയര്‍ന്ന റാങ്കിലാണ് അംബാനിയുടെ സ്ഥാനം.

അതേസമയം കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഗോള വിപണില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്. അദാനിയുടെ ആസ്തി 47.2 ബില്യണ്‍ യുഎസ് ഡോളറാണ്. എച്ച്സിഎല്‍ ടെക്നോളജീസ് സഹസ്ഥാപകന്‍ ശിവ് നാടാര്‍ (25.6 ബില്യണ്‍) ഇന്ത്യക്കാരുടെ പട്ടികയില്‍ മൂന്നാമതാണ്.

ലോകത്തിലെ 2640 ശതകോടീശ്വരന്‍മാരെയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,668 ആയിരുന്നത് 2023ല്‍ 2,640 ആയി കുറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ നേട്ടമുണ്ടാക്കി. 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലൂയി വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് ഒന്നാമത്. 180 ബില്യണ്‍ ഡോളറുമായി ടെസ്ല, സ്പേസ് എക്സ് സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക്, 114 ബില്യണ്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

സ്റ്റോക്കുകളുടെ വില ഇടിയുന്നതും നികുതി നിരക്കിലെ വര്‍ധനവും ഒരു ബില്യണ്‍ യുഎസ് ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ തകര്‍ച്ചയുമാണ് ശതകോടീശ്വരന്‍മാരുടെ വരുമാനം കുറയുന്നതിന് കാരണമെന്നാണ് ഫോബ്സിന്റെ കണ്ടെത്തല്‍.

ശതകോടീശ്വരന്‍മാരുടെ ആകെ മൂല്യം ഇപ്പോള്‍ 12.2 ട്രില്യണ്‍ ഡോളറാണ്. 2022 മാര്‍ച്ചിലെ 12.7 ട്രില്യണ്‍ ഡോളറില്‍ നിന്നും 500 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഫോബ്സിന്റെ കണക്കനുസരിച്ച് 735 അംഗങ്ങളുമായി യുഎസാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമത്. ഇവരുടെ ആകെ മൂല്യം 4.5 ട്രില്യണ്‍ ഡോളറാണ്. രണ്ട് ട്രില്യണ്‍ മൂല്യം കണക്കാക്കുന്ന ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള 562 ശതകോടീശ്വരന്മാരുമായി ചൈനയാണ് രണ്ടാമത്. ഇന്ത്യയില്‍ നിന്നും 169 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ പട്ടികയില്‍ ഒന്‍പത് മലയാളികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

2023 മാര്‍ച്ച് 10 മുതലുള്ള ഓഹരി വിലകളും വിനിമയ നിരക്കുകളും ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.