ജയിലില്‍ വിശുദ്ധ കുര്‍ബാന വിലക്കിയിട്ടില്ല; അപേക്ഷ നല്‍കിയാല്‍ അനുമതിയെന്ന് ജയില്‍ ഡിജിപി

ജയിലില്‍ വിശുദ്ധ കുര്‍ബാന വിലക്കിയിട്ടില്ല; അപേക്ഷ നല്‍കിയാല്‍ അനുമതിയെന്ന് ജയില്‍ ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ആത്മീയ ശുശ്രൂഷകള്‍ വിലക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജയില്‍ ഡിജിപി. കുര്‍ബാനയര്‍പ്പണം വിലക്കിയിട്ടില്ലെന്നും അപേക്ഷ സമര്‍പ്പിച്ചാല്‍ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളിലെ ആത്മീയ ശുശ്രൂഷകള്‍ക്ക് സമയം അനുവദിക്കുമെന്നും ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കി.

ആത്മീയ ശുശ്രൂഷകള്‍ നിര്‍ത്താനല്ല മറിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് ശുശ്രൂഷകള്‍ക്ക് അനുമതി നല്‍കാനാണ് നിര്‍ദേശിച്ചത്. തടവുകാര്‍ക്ക് കൂടുതല്‍ മോട്ടിവേഷണല്‍ ക്ലാസ് വേണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലുകളില്‍ വിശുദ്ധ കുര്‍ബാന വിലക്കിയുള്ള ജയില്‍ ഡിജിപിയുടെ ഉത്തരവ് നേരത്തെ പുറത്ത് വന്നിരുന്നു. പുറത്ത് നിന്നുള്ള എല്ലാ എന്‍ജിഒകളുടെയും പ്രവേശനവും തടവുകാര്‍ക്കായുള്ള പരിപാടികളും വിലക്കിക്കൊണ്ടാണ് ഡിജിപി ഉത്തരവിട്ടത്. ധാര്‍മിക ബോധനം, കൗണ്‍സലിംഗ്, പ്രചോദനാത്മകമായ ക്ലാസുകള്‍ എന്നിവയ്ക്കുള്ള അനുമതിയും റദ്ദാക്കിയിരുന്നു.

ഇതിനെതിരെ കത്തോലിക്ക സഭയും ക്രിസ്തീയ സംഘടനകള്‍ അടക്കമുള്ള ആത്മീയ സംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ജയില്‍ ഡിജിപി ഉത്തരവ് തിരുത്താന്‍ നിര്‍ബന്ധിതനായത്. 2024 ജൂലൈ നാല് വരെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായുള്ള ശുശ്രൂഷകള്‍ക്ക് ജീസസ് ഫ്രട്ടേണിറ്റിക്ക് സര്‍ക്കാര്‍ അനുവാദം ഉണ്ടായിരിക്കെ വിശുദ്ധ കുര്‍ബാന വിലക്കിയുള്ള ഡിജിപിയുടെ ഉത്തരവിറങ്ങിയതാണ് വിമര്‍ശനത്തിന് വഴിവച്ചത്.

സംസ്ഥാനത്തെ 55 ജയിലുകളോട് ബന്ധപ്പെടുത്തി ജയില്‍ മിനിസ്ട്രി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ച്ചകളിലും വര്‍ഷത്തിലെ നിശ്ചിത ദിവസങ്ങളിലും ശുശ്രൂഷകള്‍ നടത്തുന്ന ജയിലുകളുണ്ട്. 32 രൂപത സമിതികളുടെയും എട്ടു മേഖലകളുടെയും ഡയറക്ടര്‍മാരാണു ജയില്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.