എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്: പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്: പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അതേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു.

നേരത്തെ കേസില്‍ കൊലക്കുറ്റം ചുമത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് റെയില്‍വേ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഐപിസി 302 ചുമത്തിയത്. ഐപിസി 307 (വധശ്രമം), 326 (അപകടകരമായി പരിക്കേല്‍പ്പിക്കല്‍), 436 ( സ്ഫോടകവസ്തു ഉപയോഗിച്ച് ആക്രമിക്കല്‍), അതോടൊപ്പം റെയില്‍വേ ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തത്. പ്രതിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.

കിടത്തി ചികിത്സ ആവശ്യമില്ലാത്തതിനാല്‍ ഷാറൂഖ് സെയ്ഫിയെ ഡിസ്ചാര്‍ജ് ചെയ്യാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. തിങ്കളാഴ്ച പരിശോധനയ്ക്ക് കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും. ജില്ലാ ജയിലിലെ അതീവസുരക്ഷാ സെല്ലിലാകും പ്രതിയെ പാര്‍പ്പിക്കുന്നത്.

സെയ്ഫി ഒറ്റയ്ക്കാണോ, സംഘമായിട്ടാണോ യാത്ര നടത്തിയതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായില്ല. പൊതുവെ ശാന്തനാണെങ്കിലും ചില സമയത്ത് ഷാറൂഖ് സെയ്ഫ് അക്രമസ്വഭാവം കാണിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.