വെല്ലിങ്ടണ്‍: പ്രധാനമന്ത്രിയെന്ന ഭാരിച്ച ചുമതലകള്‍ക്കിടയിലും എല്ലാ പരിമിതികള്‍ക്കിടയിലും താന്‍ നല്ലൊരു അമ്മയായിരുന്നുവെന്ന് ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍. നിങ്ങള്‍ക്കും അങ്ങനെയാകാന്‍ സാധിക്കുമെന്നും വലിയ പദവികള്‍ ഉണ്ടെന്നു കരുതി അമ്മയാകുന്നത് മാറ്റിവെക്കേണ്ടതില്ലെന്നും ജസീന്ദ പാര്‍ലമെന്റില്‍ സംസാരിക്കവെ പറഞ്ഞു. ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ എം.പി. എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗം നടത്തുകയായിരുന്നു ജസീന്ദ ആര്‍ഡണ്‍.
അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ 42കാരിയായ ജസീന്ദ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്നപ്പോള്‍, ഒരു ക്രൈസിസ് മാനേജരെ പോലെയാണ് രാജ്യം നേരിട്ട വെല്ലുവിളികള്‍ അതിജീവിച്ചതെന്നും അവര്‍ ഓര്‍മിച്ചു.
2019-ലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണമായിരുന്നു ജസീന്ദ അധികാലത്തിലിരിക്കെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. രാജ്യം ശിഥിലമായിപ്പോകുമായിരുന്ന അവസ്ഥയില്‍ ജനങ്ങളെ ചേര്‍ത്തു പിടിച്ച് ജസീന്ദ ആ പ്രതിസന്ധി അതിജീവിച്ചു. അതിനു പിന്നാലെ കോവിഡും വരിഞ്ഞുമുറുക്കി. പ്രതിസന്ധികള്‍ സമചിത്തതയോടെ നേരിട്ട ജസീന്ദ ശ്രദ്ധാകേന്ദ്രമായി. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തില്‍ കൈക്കുഞ്ഞുമായി പ്രത്യക്ഷപ്പെട്ടു രാജ്യാന്തര ശ്രദ്ധ നേടി.
2018-ലാണ് ജസീന്ദ മകള്‍ക്ക് ജന്‍മം നല്‍കിയത്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭുട്ടോയ്ക്കു ശേഷം അധികാരത്തിലിരിക്കെ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ജസീന്ദ.
37-ാം വയസില്‍ ഗര്‍ഭിണിയാകാന്‍ സ്‌ട്രെസ് അടക്കം ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് അറിഞ്ഞത്. ലേബര്‍ പാര്‍ട്ടി നേതാവായപ്പോള്‍ ഐ.വി.എഫ് ചികിത്സ പരാജയപ്പെട്ടിരുന്നു. ഒരിക്കലും അമ്മയാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വലിയ അദ്ഭുതമായിരുന്നെന്നും അവര്‍ പറഞ്ഞു.
നേതൃസ്ഥാനത്ത് എത്തുന്നതില്‍ മാതൃത്വം തടസമല്ല. രാഷ്ട്രീയം ആര്‍ക്കും അന്യമല്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ മാസം അവസാനം മുതല്‍ അവര്‍ പുതിയ ചുമതലയില്‍ പ്രവര്‍ത്തിക്കും. 'ക്രൈസ്റ്റ്ചര്‍ച്ച് കോള്‍' കൂട്ടായ്മയുടെ പ്രത്യേക ദൂത എന്ന നിലയിലാണ് പ്രവര്‍ത്തനം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സാണ് പുതിയ ചുമതലയില്‍ അവരെ നിയമിച്ചത്. സേവനത്തിന് പണം വാങ്ങില്ലെന്ന് ജസീന്ദ അറിയിച്ചതായി ഹിപ്കിന്‍സ് പറഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായിച്ചേര്‍ന്ന് ആര്‍ഡണുണ്ടാക്കിയ കൂട്ടായ്മയാണിത്. ഭീകരതയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനമാണ് 120 രാജ്യങ്ങളുള്‍പ്പെട്ട ഈ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.