ജറുസലേം: പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിനു പിന്നാലെ തിരിച്ചടി നൽകി ഇസ്രയേൽ. ലബനനിൽ നിന്ന് ഇസ്രായേൽ മേഖലയിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച അൽ അഖ്സയിൽ പൊലീസ് കടന്നതിനെ തുടർന്ന് സംഘർഷം ഉടലെടുത്തിരുന്നു. ഇതിന് ശേഷമാണ് ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായത്. പിന്നാലെ ഗാസയിലും ലബനനിലും ഇസ്രേയൽ തുടർച്ചയായ വ്യോമാക്രമണം നടത്തുകയായിരുന്നു.
2006ലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് ശേഷം ലബനനിൽ നിന്നുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇത്. വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പ്പിൽ രണ്ട് ഇസ്രയേലി സഹോദരിമാർ കൊല്ലപ്പെടുകയും അവരുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
തെക്കൻ ലബനനിലെ ആക്രമണം പ്രധാനമായും കേന്ദ്രീകരിച്ചത് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയ കേന്ദ്രങ്ങളിലേക്കാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അന്താരാഷ്ട്ര വക്താവ് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. എന്നാൽ മേഖലയിലെ തുറസ്സായ പ്രദേശത്ത് മൂന്ന് ഇസ്രായേൽ ആക്രമണങ്ങൾ നടന്നതായി ലബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പിന്തുണയുള്ള അൽ-മനാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹമാസ് ഭീകരസംഘടനയെ ലെബനനുള്ളിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. മേഖലയിൽ നിന്നും പുറപ്പെടുന്ന എല്ലാ ആക്രമണങ്ങൾക്കും ലെബനന് ഉത്തരവാദിത്തമുണ്ടെന്നും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.