വാഷിങ്ടണ്‍: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യ രേഖകള്‍ ചോര്‍ന്നതായി സംശയം. റഷ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉക്രെയ്‌നെ സജ്ജമാക്കാനുള്ള അമേരിക്കയുടെയും നാറ്റോയുടെയും പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങിയ രഹസ്യ രേഖകളാണ് ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആയുധ വിന്യാസത്തിന്റെയും സൈനിക പരിശീലനത്തിന്റെയും യുദ്ധതന്ത്രങ്ങളുടെയും വിവരങ്ങള്‍ ട്വിറ്റര്‍, ടെലഗ്രാം ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലാണ് പ്രത്യക്ഷപ്പെട്ടതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പ്രതിരോധ വകുപ്പ് പരിശോധിച്ചുവരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു.
അമേരിക്കയുടെ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് പുറത്തുവന്ന രേഖകളില്‍, ഉക്രെയ്ന്‍ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാ രഹസ്യങ്ങള്‍ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതില്‍ പെടുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ചോര്‍ന്ന രേഖകള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിക്കുന്ന രേഖകളും ഇതിലുണ്ട്.
അതേസമയം, യഥാര്‍ഥത്തില്‍ ചോര്‍ന്ന വിവരങ്ങളില്‍ റഷ്യ കൃത്രിമത്വം നടത്തി പ്രചരിപ്പിക്കുന്നതായാണ് യുദ്ധവിദഗ്ധര്‍ പറയുന്നത്. ഉക്രെയ്‌നിന്റെ നഷ്ടങ്ങള്‍ പെരുപ്പിച്ച് കാട്ടിയതും റഷ്യയുടെ ആള്‍നാശം ലഘൂകരിച്ചതുമാണ് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ചോര്‍ന്ന വിവരങ്ങളിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നതായാണ് അമേരിക്കന്‍ സൈനിക വിശകലന വിദഗ്ധര്‍ ആരോപിച്ചിട്ടുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളിലാണ് മാറ്റം വരുത്തിയെന്നാണ് ആരോപണം. രേഖകള്‍ ചോര്‍ന്നതിന് പിന്നില്‍ റഷ്യയോ റഷ്യന്‍ അനുകൂല ഗ്രൂപ്പുകളോ ആകാനാണ് സാധ്യതയെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടില്‍ വരുത്തിയ മാറ്റങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് യുഎസ് കരുതുന്നത്.
രഹസ്യരേഖകളില്‍ 'ടോപ് സീക്രട്ട്' ലേബലുകള്‍ പതിച്ച ചിലത് റഷ്യന്‍ അനുകൂല വാര്‍ത്താ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തോട് ഉക്രെയ്ന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രസിഡന്റ് സെലന്‍സ്‌കി ഉയര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കിഴക്കന്‍ ഉക്രെയ്നിലെ ബഖ്മുത്തില്‍ ഇരുസേനകളും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നതിനിടയിലാണ് റിപ്പോട്ടുകള്‍ പുറത്തുവരുന്നത്.
'ഉക്രെയ്ന്‍ പ്രതിരോധ സേനയുടെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോരുന്നത് നടയാനുള്ള നടപടികളെക്കുറിച്ചാണ് ചര്‍ച്ച നടന്നത്' - ഉക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.