നിക്ഷേപത്തുക തട്ടിപ്പ്; 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ് വുമൺ അറസ്റ്റില്‍

നിക്ഷേപത്തുക തട്ടിപ്പ്; 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ് വുമൺ അറസ്റ്റില്‍

ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റോഫീസ് അക്കൗണ്ടില്‍ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ് വുമൺ അറസ്റ്റില്‍. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റ് വുമൺ പള്ളിപ്പുറം പാമ്പുംതറയില്‍ അമിതാ നാഥിനെ (29)യാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്പരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയും പണം അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്.

ഇടപാടിനുള്ള റൂറല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ആര്‍ഐസിടി) യന്ത്രം വഴി പണമടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫീസ് സീല്‍ പതിച്ചു കൊടുക്കുകയായിരുന്നു പതിവ്.

നിക്ഷേപകരെ കബളിപ്പിച്ചശേഷം പണം കൈക്കലാക്കി സ്വന്തം ആവശ്യങ്ങള്‍ക്കും ആര്‍ഭാട ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പത്തോളം പരാതികള്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിനു കിട്ടി. ആദ്യം പരാതിയുണ്ടായപ്പോള്‍ പണം മടക്കി നല്‍കി പരിഹരിച്ചു. തട്ടിപ്പിനിരയായവരില്‍ കൂടുതലും മത്സ്യത്തൊഴിലാളികളാണ്.

മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ അമിതാ നാഥിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ റിമാന്‍ഡുചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.

കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷണം നടന്നുവരുകയാണ്. മാരാരിക്കുളം പൊലീസ് ഇന്‍സ്പെക്ടര്‍ എ.വി. ബിജു, എസ്ഐമാരായ ഇ.എം. സജീര്‍, ജാക്‌സണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലതി, മഞ്ജുള എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണു പ്രതിയെ പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.