ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റല്‍ പണമിടപാട് സേവനമായ യുണൈറ്റഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസില്‍ (യുപിഐ) ഇന്ന് മുതല്‍ വന്‍ മാറ്റങ്ങള്‍. യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് നിയമങ്ങളില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് പ്രധാന പരിഷ്‌ക്കരണം പ്രഖ്യാപിച്ചത്.
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നിവ ഉപയോഗിക്കുന്നവര്‍ പരിഷ്‌കരണം അറിഞ്ഞിരിക്കണം. ഇന്‍ഷുറന്‍സ്, നിക്ഷേപം, യാത്ര, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തുടങ്ങിയ മേഖലകളിലെ ഇടപാട് പരിധികള്‍ ഉയര്‍ത്തുമെന്ന് എന്‍പിസിഐ പ്രഖ്യാപിച്ചു.
ഉയര്‍ന്ന ഡിജിറ്റല്‍ പേയ്മെന്റുകള്‍ ലളിതവും കൂടുതല്‍ പ്രയോജനം ചെയ്യാവുന്നതുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നടപടി. ആളുകള്‍ക്ക് ഇടയില്‍ യുപിഐയുടെ ഉപയോഗം കൂട്ടുന്നതിനായി പല വിഭാഗങ്ങളിലെ പണമിടപാടിന്റെ പരിധി വന്‍ തോതില്‍ ഉയര്‍ത്തി.
പര്‍ച്ചേസ് എളുപ്പമാക്കാനും ലിമിറ്റേഷന്‍ ഉണ്ടാകാതെ ആവശ്യത്തിലധികം ചെലവഴിക്കാനും അവസരം നല്‍കുന്നതാണ് പുതിയ മാറ്റങ്ങള്‍. പക്ഷേ യുപിഐ ട്രാന്‍സാക്ഷനില്‍ വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിന്റെ പരിധി മാറ്റമില്ലാതെ തുടരുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
സ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യുപിഐ വഴി പ്രതിദിനം ആറ് ലക്ഷം രൂപവരെ ഇനി അയക്കാമെന്നതാണ് ഒരു മാറ്റം. നിലവില്‍ അഞ്ച് ലക്ഷമായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം കൂടി കൂട്ടി. ഒറ്റ പേയ്മെന്റില്‍ പരിധി ഇനി രണ്ട് ലക്ഷം രൂപയാണെന്നതും മാറ്റമാണ്. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.
കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ദിവസം അയയ്ക്കാവുന്ന തുകയ്ക്ക് പരിധിയില്ല. എന്നാല്‍ ഒറ്റ ഇടപാടില്‍ പരമാവധി അഞ്ച് ലക്ഷം രൂപയേ അയ്ക്കാനാകൂ എന്നതാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാകും.
രണ്ട് ലക്ഷം രൂപ പരിധിയിലുണ്ടായിരുന്ന ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പേയ്മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യുപിഐ വഴി അഞ്ച് ലക്ഷം രൂപവരെ അയക്കാം. ഒരു ദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപയാണ്. നികുതി, ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ് പേയ്മെന്റ് പരിധി ഒരുലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയിട്ടുണ്ട്.
യാത്രാ ബുക്കിങിനുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്നുയര്‍ത്തി അഞ്ച് ലക്ഷമാക്കി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ അയക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഒറ്റ ഇടപാടില്‍ അഞ്ച് ലക്ഷം രൂപവരെ അയ്ക്കാം. പ്രതിദിന പരിധി അറ് ലക്ഷമാണ്. വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ അഞ്ച് ലക്ഷം രൂപവരെ അയക്കാം. പ്രതിദിന പരിധി 10 ലക്ഷമാണ്. ഫോറിന്‍ എക്സ്ചേഞ്ച് പേയ്മെന്റുകളുടെ പരിധി അഞ്ച് ലക്ഷം രൂപയാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.