ആന്ധ്രയിൽ വികാരിയായിരുന്നപ്പോൾ നടന്ന ഒരു സംഭവം.
ഞങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു തന്ന മേരി ചേച്ചിയുടെ സ്ഥിരം പരാതി ഭർത്താവിനെക്കുറിച്ചായിരുന്നു. ഭർത്താവ് വിവാഹത്തിന്റെയന്ന് പള്ളിയിൽ വന്നതാണ്. ഞായറാഴ്ചയോ മറ്റ് ദിവസങ്ങളിലോ വിശുദ്ധ ബലിയ്ക്ക് പങ്കെടുക്കണമെന്ന ചിന്ത പോലുമില്ല. കുമ്പസാരിച്ചിട്ടു പോലും വർഷങ്ങളേറെയായി. മേരി ചേച്ചിയുടെ ആവശ്യ പ്രകാരം പലയാവർത്തി അദ്ദേഹത്തെ ഞാൻ കണ്ടു. അപ്പോഴെല്ലാം ഏറെ ഭവ്യതയോടു കൂടി, "അടുത്ത ഞായറാഴ്ച മുതൽ തീർച്ചയായും വരാം അച്ചാ" എന്നായിരുന്നു മറുപടി. പക്ഷെ ഒരിക്കൽ പോലും അയാൾ വാക്കുപാലിച്ചില്ല.
ഒരു ഞായറാഴ്ച. ഉള്ളിൽ നിന്ന് ലഭിച്ച പ്രചോദനത്താൽ കുർബാനയ്ക്ക് മുമ്പ് ഞാനവരുടെ വീട്ടിലെത്തി. ചേച്ചിയും ചേട്ടനും വീട്ടിലുണ്ടായിരുന്നു. എന്നെ കണ്ടപാടെ ഇരുവർക്കും ആശങ്കയായി.ഞാനദ്ദേഹത്തോട് പറഞ്ഞു: "ചേട്ടൻ ഡ്രസ് മാറൂ,നമുക്കൊരുമിച്ച് പള്ളിയിലേയ്ക്കുപോകാം." "അച്ചൻ പൊയ്ക്കോളൂ ....ഞാൻ വന്നേക്കാം." "നിങ്ങളുടെ വാക്ക് എനിക്ക് വിശ്വാസമില്ല. എത്ര തവണ എന്നെപ്പറഞ്ഞ് പറ്റിച്ചു. ഇത്തവണ അതിന് ഞാൻ സമ്മതിക്കില്ല. എന്റെ കൂടെ വന്നേ തീരൂ...." "അച്ചാ എനിക്ക് നല്ല വസ്ത്രമില്ല. നല്ല വസ്ത്രം ധരിക്കാതെ എങ്ങനെയാണ് പള്ളിയിൽ വരിക?" "ഉള്ള വസ്ത്രം മതി.... വീണ്ടും ഒഴികഴിവുകൾ പറഞ്ഞ് എന്നെ പറ്റിക്കരുത്. നിങ്ങൾ എന്റെ കൂടെ വന്നില്ലെങ്കിൽ ഇന്ന് പള്ളിയിൽ ഞായറാഴ്ച കുർബാന ഉണ്ടായിരിക്കില്ല."
ഞാൻ വീട്ടുമുറ്റത്ത് ഇരിപ്പു തുടർന്നു. സമയം നീങ്ങിക്കൊണ്ടിരുന്നു. എട്ടരയ്ക്കാണ് കുർബാന. സമയമായിട്ടും അദ്ദേഹം വസ്ത്രം മാറുകയോ കൂടെ വരാൻ തയ്യാറാകുകയോ ചെയ്തില്ല. എട്ടര കഴിഞ്ഞപ്പോൾ മേരി ചേച്ചി വന്ന് ഇങ്ങനെ പറഞ്ഞു:"അച്ചൻ പള്ളിയിലേയ്ക്ക് പൊയ്ക്കൊള്ളൂ. ചേട്ടൻ പിൻവാതിലിലൂടെ ഇറങ്ങി എങ്ങോട്ടോ പോയി." നിരാശയോടെ ഞാനാ വീടുവിട്ടിറങ്ങി. പള്ളിയിൽ വന്ന് കുർബാന തുടങ്ങിയപ്പോൾ മനസു നിറയെ വിഷമവും പരിഭവവുമായിരുന്നു. ഞാൻ കർത്താവിനോട് പറഞ്ഞു: "നീ തന്ന പ്രചോദനമനുസരിച്ചല്ലേ ഞാനാ വീട്ടിൽ ചെന്നത്? എന്നിട്ട് ഇങ്ങനെ മനുഷ്യനെ നാണം കെടുത്താമോ?" കുർബാന ശ്രദ്ധയോടെയർപ്പിക്കാൻ എനിക്കായില്ല.
സുവിശേഷ വായനയുടെ സമയം. വചനം വായിക്കുന്നതിനിടയിൽ ഞാൻ പ്രധാന കവാടത്തിന്നടുത്തേയ്ക്ക് മിഴികളുയർത്തി. എന്റെ നയനങ്ങളെ എനിക്ക് വിശ്വസിക്കാനായില്ല. ആരെത്തേടിയാണോ ഞാൻ രാവിലെ പോയത്, ആ വ്യക്തിയതാ കരങ്ങൾ കൂപ്പി പ്രധാന കവാടത്തിന്നരികെ നിൽക്കുന്നു! കർത്താവിനെ വഴക്ക് പറഞ്ഞതിന് ക്ഷമാപണം നടത്തി ഞാൻ ബലി തുടർന്നു. കുർബാനയ്ക്കു ശേഷം അദ്ദേഹം എന്നരികിൽ വന്നു. "അച്ചാ വിഷമം വിചാരിക്കരുത്. ഞാൻ വീട്ടിൽ നിന്നിറങ്ങി ഓടിയത് ചേട്ടന്റെ വീട്ടിലേയ്ക്കായിരുന്നു.
അവിടെ ചെന്ന് ചേട്ടന്റെ നല്ലൊരു ഷർട്ട് ഇട്ടാണ് പള്ളിയിൽ വന്നത്. അച്ചൻ രാവിലെ വീട്ടിൽ വന്നപ്പോൾ എന്റെ ചങ്ക് പിടഞ്ഞു. ഞാൻ പള്ളിയിൽ വരണമെന്ന് അച്ചൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസിലാക്കി. ഇനിയൊരിക്കലും ഞായറാഴ്ച കുർബാന മുടങ്ങാതിരിക്കാൻ ഞാൻ പരിശ്രമിക്കും. അച്ചൻ പ്രാർത്ഥിക്കണം." ഇത്രയും പറഞ്ഞ് നീണ്ട 18 വർഷങ്ങൾക്കു ശേഷം അദ്ദേഹം മുട്ടുകുത്തി കുമ്പസാരിച്ചു. ദൈവത്തിന്റെ അദ്ഭുതമായ ഇടപെടലിനെയോർത്ത് ഞാൻ തമ്പുരാന് നന്ദി പറഞ്ഞു.
ഈസ്റ്ററിന്റെ ഈ ദിനത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും രോഗപീഢകളുമെല്ലാം നമ്മെ വരിഞ്ഞു മുറുക്കുമ്പോഴും നമ്മുടെ ദൈവം വിശ്വസ്തനാണെന്നും വാക്കു പറഞ്ഞാൽ മാറാത്തവനാണെന്നും നമുക്ക് വിശ്വസിക്കാം. ദൂതന്റെ വാക്കുകൾക്ക് കാതോർക്കാം: "ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു"
(മത്തായി 28 : 5-6). കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ദൈവത്തിൽ ആശ്രയിക്കുന്നവരെ അവിടുന്നൊരിക്കലും കൈവിടില്ല. ഏത് കല്ലറയും ഭേദിച്ച് അവിടുന്ന് പുറത്തു വരും. ചെങ്കടൽ വിഭജിച്ച് വഴിയൊരുക്കും. പാറയിടുക്കിൽ നിന്ന് ജലമൊഴുക്കും. ആകാശത്തു നിന്ന് മന്നാ പൊഴിക്കും. അതെ, താങ്ങായും തണലായും വിളക്കായും കാവലായും സൗഖ്യമായും കരുതലായും അവിടുന്നെന്നും കൂടെയുണ്ടാകും. വിശ്വസിച്ചാൽ മാത്രം മതി.
ഏവർക്കും ഈസ്റ്റർ മംഗളങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26