കര്‍ണാടക: 2022 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,167 കടുവകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കടുവ സംരക്ഷണത്തിനായി നിലവില്‍ വന്ന പ്രൊജക്ട് ടൈഗര്‍ എന്ന പദ്ധതിയുടെ 50-ാം വാര്‍ഷിക വേളയിലാണ് പ്രധാനമന്ത്രി സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ടത്. കണക്ക് പ്രകാരം 2018 ല്‍ രാജ്യത്ത് 2,967 കടുവകളായിരുന്നു ഉണ്ടായിരുന്നത്. കടുവകളുടെ എണ്ണത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.7 ശതമാനം വര്‍ധന ഉണ്ടായതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രൊജ്ക്ട് ടൈഗര്‍ അതിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയന്‍സ് എന്ന പേരില്‍ ഒരു പദ്ധതികൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ഏഴ് വന്യജീവികളുടെ സംരക്ഷണത്തിനായുള്ള പദ്ധതി കൂടിയാണ്. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വര്‍, ചീറ്റ എന്നിങ്ങനെ മാര്‍ജാര കുടുംബത്തില്‍പ്പെടുന്ന ഏഴിനങ്ങള്‍ക്ക് പദ്ധതി സംരക്ഷണം നല്‍കും.
ലോകത്താകെയുള്ള കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമായിരുന്നില്ല അവയ്ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കുക കൂടി ചെയ്തു. സിംഹം, പുള്ളിപ്പുലി, ആന, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം തുടങ്ങിയവയുടെ എണ്ണവും രാജ്യത്ത് വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.
ഏഷ്യാറ്റിക് സിംഹങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഏക രാജ്യം കൂടിയാണ് ഇന്ത്യ. 2015 ല്‍ 525 എണ്ണം ആയിരുന്ന ഏഷ്യാറ്റിക് സിംഹങ്ങള്‍ 2020 ല്‍ 675 എണ്ണത്തിലേക്ക് എത്തി. നാല് വര്‍ഷങ്ങള്‍ക്കിടെ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന രേഖപ്പെടുത്തി. ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ കടുവ സങ്കേതങ്ങള്‍ക്ക് സമീപം മനുഷ്യവാസം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.