രാഷ്ട്രീയ നേതാക്കള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കണം; ഡിഗ്രി ദിഖാവോ ക്യാമ്പയിന് തുടക്കമിട്ട് ആം ആദ്മി

രാഷ്ട്രീയ നേതാക്കള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കണം; ഡിഗ്രി ദിഖാവോ ക്യാമ്പയിന് തുടക്കമിട്ട് ആം ആദ്മി

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ അവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ക്യാമ്പയിന് തുടക്കമിട്ട് ആം ആദ്മി. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതില്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനിടയിലാണ് പുതിയ ക്യാമ്പയിനുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി രംഗത്തെത്തിയത്.

രാഷ്ട്രീയ നേതാക്കള്‍ അവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്നതാണ് ആം ആദ്മി ആരംഭിച്ച ഡിഗ്രി ദിഖാവോ ക്യാമ്പയിന്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളതും ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളതുമായ തന്റെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ക്യാമ്പയിന്റെ ഭാഗമായി അതിഷി പ്രദര്‍ശിപ്പിച്ചു. ബിജെപി നേതാക്കളടക്കമുള്ളവരും ഇതില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് അവര്‍ ആവശ്യപ്പെട്ടു.

ഗുജറാത്ത് സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തത് എന്താണെന്നും അവര്‍ ചോദിച്ചു. പ്രധാനമന്ത്രി പൂര്‍വ വിദ്യാര്‍ഥിയായിരുന്നെങ്കില്‍ അത് ഗുജറാത്ത് സര്‍വകലാശാല അഭിമാനത്തോടെ പ്രഖ്യാപിക്കേണ്ടതല്ലേയെന്നും അദ്ദേഹം പഠിച്ച പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മോഡിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തു കൂടേയെന്നും അതിഷി ചോദിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ ആവശ്യപ്പെട്ടതിന് കോടതി പിഴ ചുമത്തിയ ശേഷവും വിഷയത്തില്‍ നിന്ന് ആം ആദ്മി പിന്മാറില്ലെന്നുള്ള സൂചന അരവിന്ദ് കേജ്‌രിവാള്‍ നേരത്തെ നല്‍കിയിരുന്നു. കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രി വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആര്‍ക്കും വിഡ്ഢിയാക്കാമെന്നും പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.