ക്രൈസ്തവ സ്നേഹം പറഞ്ഞ് നേതാക്കൾ; മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് മാറ്റി ബിജെപി സര്‍ക്കാര്‍

ക്രൈസ്തവ സ്നേഹം പറഞ്ഞ് നേതാക്കൾ;  മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് മാറ്റി ബിജെപി സര്‍ക്കാര്‍

ബിജെപിയുടെ അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനത്തെ  തെളിവാണ്   പൊളിച്ചടുക്കപ്പെട്ട ഈ ദേവാലയങ്ങള്‍.

ഇംഫാല്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍ അരമനകള്‍ കയറിയിറങ്ങുമ്പോള്‍ ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് മാറ്റി ഭരണകൂടം. ഈസ്റ്റ് ഇംഫാല്‍ ജില്ലയിലെ മൂന്ന് പള്ളികളാണ് അധികൃതര്‍ ചൊവ്വാഴ്ച പൊളിച്ചത്. അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് നടപടി.

സര്‍ക്കാര്‍ ഭൂമിയിലാണ് പള്ളികള്‍ നിര്‍മിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ആരോപണം. ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥെറന്‍ ചര്‍ച്ച്, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നിവയാണ് ബിജെപി സര്‍ക്കാര്‍ പൊളിച്ചു മാറ്റിയത്.

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിയുടെ ഉത്തരവിന്മേലുള്ള തല്‍സ്ഥിതി ഉത്തരവ് മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പള്ളികള്‍ തകര്‍ത്തത്.

ഇതില്‍ ഒരു പള്ളി 1974 ല്‍ നിര്‍മിച്ചതാണ്. 2020 ഡിസംബറില്‍ പള്ളികള്‍ക്കും സമീപത്തെ ചില ഗാരേജുകള്‍ക്കും സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചര്‍ച്ചുകള്‍ക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ രണ്ട് വര്‍ഷത്തേക്ക് കോടതി സമ്മതിച്ചിരുന്നു.

പള്ളികള്‍ തകര്‍ത്തതിനു പിന്നാലെ ഇന്നലെ നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ അവയുടെ അവശിഷ്ടങ്ങളില്‍ ഒത്തുകൂടി പ്രാര്‍ഥന നടത്തി. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല നിര്‍മിച്ചതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പള്ളികള്‍ പൊളിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരു വൈദികന്‍ പറഞ്ഞു.

പള്ളികള്‍ ആളുകള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവുമാണ് പഠിപ്പിക്കുന്നത്. തങ്ങള്‍ മോശമായി ഒന്നും പഠിപ്പിക്കുന്നില്ല. അതിനാല്‍ പള്ളികള്‍ തകര്‍ത്തത് വളരെയേറെ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 41 ശതമാനത്തോളമാണ് മണിപ്പൂരിലെ ക്രിസ്ത്യന്‍ ജനസംഖ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.