എത്യോപ്യയില്‍ രണ്ട് കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

എത്യോപ്യയില്‍ രണ്ട് കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

ആഡിസ് അബാബ: ഈസ്റ്റര്‍ ദിനത്തില്‍ എത്യോപ്യയില്‍ രണ്ട് കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ മനുഷ്യാവകാശ ഏജന്‍സിയായ കാത്തലിക് റിലീഫ് സര്‍വ്വീസസിലെ (സിആര്‍എസ്) അംഗങ്ങളാണ് കൊല്ലപ്പെട്ടത്. നൂറിലധികം രാജ്യങ്ങളില്‍ സന്നദ്ധ സഹായം നല്‍കുന്ന ഏജന്‍സിയാണിത്. ഈസ്റ്റര്‍ ദിനത്തിലാണ് ഇരുവരുടെയും മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്ററായ ചുവോള്‍ ടോങ്യിക്ക് (37), ഡ്രൈവറായ അമരെ കിന്ദേയ (43) എന്നിവരാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടതെന്ന് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഒരു ദൗത്യം കഴിഞ്ഞ് എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലേക്കു മടങ്ങവേ അംഹാര മേഖലയില്‍ വച്ചാണ് രണ്ട് ജീവനക്കാര്‍ക്കും വെടിയേല്‍ക്കുന്നത്. കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും അറിവായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

'സംഭവത്തില്‍ ഞങ്ങള്‍ക്കുണ്ടായ ഞെട്ടലിന്റെയും സങ്കടത്തിന്റെയും ആഴം അളക്കാന്‍ പ്രയാസമാണ്. ഈ വിവേകശൂന്യമായ ആക്രമണത്തില്‍ ഞങ്ങള്‍ ഏറെ ദുഃഖിതരാണ്. ചുവോളിന്റെയും അമരെയുടെയും കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു - എത്യോപ്യയിലെ സിആര്‍എസ് പ്രതിനിധി സെമെഡെ സെവ്ഡി പറയുന്നു.

രണ്ടു സഹപ്രവര്‍ത്തകരും സിആര്‍എസ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. അവരുടെ ത്യാഗത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും അവരുടെ മരണത്തില്‍ അഗാധമായി ദുഖിക്കുകയും ചെയ്യുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എത്യോപ്യന്‍ ഫെഡറല്‍ സര്‍ക്കാരിന്റെയും അംഹാര പ്രാദേശിക സര്‍ക്കാരിന്റെയും വക്താക്കള്‍ സംഭവത്തോടു പ്രതികരിച്ചിട്ടില്ല.

ആഫ്രിക്കയില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് എത്യോപ്യ. രാജ്യത്ത് ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ കലാപങ്ങള്‍ നിത്യസംഭവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.