അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവം; 21 കാരനായ വ്യോമസേനാംഗം അറസ്റ്റില്‍

അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവം; 21 കാരനായ വ്യോമസേനാംഗം അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയുടെ സുപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യുഎസ് വ്യോമസേനയുടെ നാഷണല്‍ ഗാര്‍ഡ് അംഗം അറസ്റ്റില്‍. 21 വയസുകാരനായ ജാക് ടെയ്ക്സിയറയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉക്രെയ്ന്‍ യുദ്ധം, നയതന്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ് ചോര്‍ന്നത്. ഇത് രാജ്യത്തെ ടിവി ചാനലുകളിലൂടെയാണ് പുറത്തു വന്നത്. തുടര്‍ന്ന് ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് എഫ്.ബി.ഐ ഇയാളെ മസാച്യുസെറ്റ്സില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് ഡൈടണ്‍ പട്ടണത്തിലെ വീട്ടില്‍ നിന്നാണ് പ്രതി അറസ്റ്റിലാകുന്നത്.

ദേശീയ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് ജാക്കിനെ എഫ്.ബി.ഐ ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലന്‍ഡ് പറഞ്ഞു. ഇയാളുടെ ചിത്രങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് എഫ്.ബി.ഐയുടെ അറസ്റ്റ്.

രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഇയാളുടെ പ്രവൃത്തി മൂലം ഉണ്ടായതെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. മനപൂര്‍വ്വമുള്ള ക്രിമിനല്‍ പ്രവൃത്തിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം അവസാനത്തിനും മാര്‍ച്ചിനുമിടയില്‍ അതീവ രഹസ്യ രേഖകളുടെ നൂറുകണക്കിന് ഫോട്ടോഗ്രാഫുകള്‍ ആദ്യമായി അപ്‌ലോഡ് ചെയ്ത ഒരു ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജാക്.

ഗെയിമര്‍മാര്‍ക്കിടയിലെ ജനപ്രിയ കമ്മ്യൂണിക്കേഷന്‍ ആപ്പായ ഡിസ്‌കോര്‍ഡിലെ ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പാണ് 'തഗ് ഷേക്കര്‍ സെന്‍ട്രല്‍'. ഇതിലാണ് നൂറുകണക്കിന് പേജുകള്‍ വരുന്ന രേഖകള്‍ പ്രത്യക്ഷപ്പെട്ടത്.

തോക്കുകള്‍, സൈനിക ഉപകരണങ്ങള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ള 30 യുവാക്കളും കൗമാരക്കാരുമാണ് ഗ്രൂപ്പിലുള്ളത്. അമേരിക്കയുടെ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് പുറത്തുവന്ന രേഖകളില്‍, ഉക്രെയ്ന്‍ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേലും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതില്‍ പെടുന്നു.

റഷ്യന്‍ സൈനികര്‍ക്ക് നേരെ ഉക്രെയ്ന്‍ നടത്താനിരിക്കുന്ന പ്രത്യാക്രമണത്തിന്റെ വിവരങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു. ഉക്രെയ്ന്‍ വ്യോമ പ്രതിരോധത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന വിമര്‍ശനവും ശക്തമായിരുന്നു. പല തവണയായി രേഖകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജാക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

പ്രതിയെ മസാച്യുസെറ്റ്സ് ജില്ലാ കോടതിയില്‍ ഹാജരാകുമെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.