* ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
ന്യൂഡല്‍ഹി: ക്രൈസ്തവ പുരോഹിതര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് മതമേലധ്യക്ഷന്മാരുടെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനിലെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് കൂട്ടോയുടെ നേതൃത്വത്തില്‍, മെതഡിസ്റ്റ് ബിഷപ്പ് സുബോധ് മൊണ്ടല്‍, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയിലെ പ്രൊട്ടസ്റ്റന്റ് ബിഷപ്പ് പോള്‍ സ്വരൂപ് എന്നിവര്‍ക്കൊപ്പം അല്‍മായ പ്രതിനിധികളായ മൈക്കിള്‍ വില്യംസ്, തെഹ്മിന അറോറ എന്നിവരുമുണ്ടായിരുന്നു.
ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. താന്‍ ഒഡീഷയിലും ഝാര്‍ഖണ്ഡിലും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പ്രദേശത്തെ കന്യാസ്ത്രീ സമൂഹവും സഭാംഗങ്ങളും നടത്തിയ സാമൂഹ്യ സേവനങ്ങളെ കുറിച്ച് രാഷ്ട്രപതി ഓര്‍മിച്ചു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ നടത്തിയ സംഭാവനകളെ പ്രകീര്‍ത്തിച്ചു. ബൈബിളിന്റെ ഒരു കോപ്പി, പോപ് ഫ്രാന്‍സിസ് ആശിര്‍വദിച്ച ക്രിസ്തുവിന്റെ രൂപം എന്നിവ രാഷ്ട്രപതിക്ക് സംഘം സമ്മാനിച്ചു.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്. പ്രതിനിധി സംഘത്തിന്റെ പരാതികളില്‍ നടപടിയെടുക്കുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുമെന്നും രാഷ്ട്രപതി സംഘത്തെ അറിയിച്ചു.
ഒഡിഷയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെ രാഷ്ട്രപതി അനുസ്മരിച്ചതായും, ക്രിസ്ത്യന്‍ വിഭാഗം രാജ്യത്തിനു നല്‍കിയ സംഭാവനകളെ അഭിനന്ദിച്ചതായും പ്രതിനിധി സംഘം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.