കാത്തിരുന്നത് 81 വര്‍ഷം; രണ്ടാം ലോക മഹായുദ്ധ കാലത്ത് 979 ഓസ്‌ട്രേലിയന്‍ പൗരന്മാരുമായി കടലില്‍ മുങ്ങിത്താണ കപ്പല്‍ കണ്ടെത്തി

കാത്തിരുന്നത് 81 വര്‍ഷം; രണ്ടാം ലോക മഹായുദ്ധ കാലത്ത് 979 ഓസ്‌ട്രേലിയന്‍ പൗരന്മാരുമായി കടലില്‍ മുങ്ങിത്താണ കപ്പല്‍ കണ്ടെത്തി

കാന്‍ബറ: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ 81 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി. രണ്ടാം ലോക മഹായുദ്ധ കാലത്ത് സൈനികരടക്കം 979 ഓസ്‌ട്രേലിയന്‍ പൗരന്മാരുമായി ദക്ഷിണ ചൈന കടലില്‍ മുങ്ങിത്താണ കപ്പലിന്റെ അവശിഷ്ടങ്ങളാണ് കടലിനടിയില്‍ 4,000 മീറ്റര്‍ താഴ്ചയില്‍ അന്വേഷണ സംഘം കണ്ടെത്തിയത്. അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് അന്ന് ജപ്പാനീസ് കപ്പലായ എസ്.എസ് മൊണ്ടെവിഡിയോ മാരു എന്ന കപ്പല്‍ മുങ്ങിയത്.

1942 ജൂലൈ ഒന്നിനാണ് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്നു വിശേഷിപ്പിക്കാവുന്ന സംഭവം ഉണ്ടാകുന്നത്. ഫിലിപ്പീന്‍സിന് സമീപത്ത് കൂടി പോവുകയായിരുന്ന കപ്പലില്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട 850 സൈനികര്‍ ഉള്‍പ്പെടെ 979 ഓസ്‌ട്രേലിയന്‍ പൗരന്മാരും 14 രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരും ഉണ്ടായിരുന്നു. ആകെ 1,060 പേരുമായാണ് കപ്പല്‍ മുങ്ങിയത്.

പാപ്പുവ ന്യൂഗിനിയയിലെ ടൗണ്‍ഷിപ്പ് ആയിരുന്ന റബൗളില്‍ നിന്ന് പിടികൂടിയ സാധാരണക്കാരും യുദ്ധത്തടവുകാരായ ഓസ്‌ട്രേലിയന്‍ സൈനികരുമായാണ് കപ്പല്‍ പുറപ്പെട്ടത്. കപ്പലില്‍ ഓസ്‌ട്രേലിയന്‍ യുദ്ധതടവുകാരുണ്ടെന്ന് അറിയാതെയാണ് യുഎസ് സൈന്യം ടോര്‍പ്പിഡോ ഉപയോഗിച്ച് കപ്പല്‍ മുക്കിയത്. 11 മിനിറ്റുകള്‍ക്കുള്ളില്‍ കപ്പല്‍ പൂര്‍ണമായും മുങ്ങി. കടലിനടിയില്‍ കപ്പലിന്റെ സ്ഥാനം പതിറ്റാണ്ടുകളായി അജ്ഞാതമായി തുടരുകയായിരുന്നു.


കപ്പല്‍ ദുരന്തത്തില്‍പെട്ട ഓസ്‌ട്രേലിയന്‍ സൈനികര്‍

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സൈലന്റ് വേള്‍ഡ് ഫൗണ്ടേഷന്റെയും ആഴക്കടല്‍ സര്‍വേ വിദഗ്ധരായ ഫുഗ്രോയുടെയും നേതൃത്വത്തിലുള്ള സംഘം ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെ പിന്തുണയോടെയാണ് കപ്പല്‍ കണ്ടെത്തിയത്. കടലില്‍ നാല് കിലോമീറ്റര്‍ താഴ്ചയിലാണ് രണ്ടായി പിളര്‍ന്ന നിലയിലുള്ള കപ്പല്‍ കണ്ടെത്തിയത്. ടൈറ്റാനിക് കണ്ടെത്തിയതിലും ആഴത്തിലായിരുന്നു ഈ കപ്പലുണ്ടായിരുന്നത്. അതേസമയം കപ്പലിലെ അവശിഷ്ടങ്ങള്‍ ഒന്നും നീക്കം ചെയ്യില്ലെന്നു ഗവേഷകര്‍ പറഞ്ഞു.

പ്രിയപ്പെട്ടവരുടെ നഷ്ടപ്പെടലില്‍ വര്‍ഷങ്ങളായി ദുഖിക്കുന്നവര്‍ക്ക് ഒരു പരിധിവരെ ആശ്വാസം നല്‍കുന്നതാണ് കപ്പലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പറഞ്ഞു.

ഈ വര്‍ഷം ആദ്യമാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണ സംഘത്തെ നിയോഗിച്ചത്. മാരിടേം ആര്‍ക്കിയോളജിസ്റ്റുകള്‍, ഓപ്പറേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് സ്‌പെഷ്യലിസ്റ്റുകള്‍, മുന്‍ നാവിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം 12 ദിവസത്തെ തെരച്ചിലില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.



പര്യവേക്ഷണ സംഘത്തിലുണ്ടായിരുന്ന ആന്‍ഡ്രിയ വില്യംസിന്റെ മുത്തച്ഛന്‍ കപ്പലിലെ ഓസ്‌ട്രേലിയന്‍ തടവുകാരില്‍ ഒരാളായിരുന്നു. കപ്പലിലുണ്ടായിരുന്ന ഓസ്‌ട്രേലിയക്കാരുടെ ബന്ധുക്കള്‍ക്ക് ഇത് അസാധാരണവും സുപ്രധാനവുമായ ദിവസമാണെന്ന് അവര്‍ പറഞ്ഞു.

81 വര്‍ഷം വീണ്ട ദുരൂഹതയ്ക്ക് അന്ത്യമായതായി ഓസ്ട്രേലിയന്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ സൈമണ്‍ സ്റ്റുവര്‍ട്ട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.